മയക്കുമരുന്ന് കേസിൽ ഇന്ത്യൻ പ്രതിക്ക് ശിക്ഷയിളവ്; കൂട്ടാളികളെ ഒറ്റിക്കൊടുത്തതിന് മാപ്പ് നൽകി കോടതി

മനാമ: വൻതോതിൽ മയക്കുമരുന്ന് ഇറക്കുമതി ചെയ്ത കേസിൽ 15 വർഷം തടവ് ശിക്ഷ ലഭിച്ച ഇന്ത്യൻ പ്രവാസിയെ അപ്പീൽ കോടതി വെറുതെവിട്ടു. കേസിലെ കൂട്ടാളികളെക്കുറിച്ച് പൊലീസിന് നിർണായക വിവരങ്ങൾ നൽകിയതിനാണ് പ്രതിക്ക് കോടതി ശിക്ഷയിൽ ഇളവ് നൽകിയത്.

ഹെറോയിൻ, മെത്താംഫെറ്റാമിൻ, ട്രമഡോൾ എന്നിവ വിൽപന നടത്താനും വ്യക്തിപരമായ ഉപയോഗത്തിനും ഇവ കൈവശം വെച്ചതിനും കഴിഞ്ഞ ജൂണിൽ ഇയാളെ ഹൈ ക്രിമിനൽ കോടതി ശിക്ഷിച്ചിരുന്നു. 15 വർഷം തടവിന് പുറമെ 5,000 ദിനാർ പിഴയും, മയക്കുമരുന്ന് പിടിച്ചെടുക്കാനും ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടിരുന്നു.

എന്നാൽ, സുപ്രീം ക്രിമിനൽ അപ്പീൽ കോടതിയിൽ പ്രതിയുടെ അഭിഭാഷകൻ ശക്തമായ വാദങ്ങൾ ഉന്നയിച്ചതിനെ തുടർന്ന്, മയക്കുമരുന്ന് വിൽപന നടത്തിയെന്ന കുറ്റത്തിന് ചുമത്തിയ തടവ് ശിക്ഷയും പിഴയും കോടതി റദ്ദാക്കി. അതേസമയം, മയക്കുമരുന്ന് ഉപയോഗിച്ചതിന് ഒരു വർഷം തടവ് ശിക്ഷ വിധിക്കുകയും, നാടുകടത്തൽ ശിക്ഷ നിലനിർത്തുകയും ചെയ്തു.

വിസിറ്റ് വിസയിൽ ബഹ്‌റൈനിലെത്തിയ ഇയാൾ മനാമ സൂഖിലെ ഒരു ടൈലറിംഗ് കടയിൽ ജോലി ചെയ്യുകയായിരുന്നു. അവിടെനിന്ന് പരിജയപ്പെട്ട പാകിസ്താൻ സ്വദേശികളായ ജമാൽ, ജവാദ് എന്നിവരിൽ നിന്ന് മെത്ത് ഉപയോഗിക്കാൻ തുടങ്ങിയ ഇയാളെ പിന്നീട് അവർ അവരുടെ സംഘത്തിൽ ചേർക്കുകയായിരുന്നു.

അവർ സൗജന്യമായി മയക്കുമരുന്ന് വാഗ്ദാനം ചെയ്യുകയും, മയക്കുമരുന്ന് ഒളിപ്പിച്ച സ്ഥലങ്ങൾ അറിയിക്കുകയും, അവിടെനിന്ന് സാധനങ്ങൾ എടുത്ത് വിതരണക്കാർക്ക് എത്തിച്ചുനൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ, മയക്കുമരുന്ന് കടത്തിന്റെ സൂത്രധാരനായ ജവാദ്, ഇയാളുടെ പേരിൽ 1,100 ട്രമഡോൾ ഗുളികകളുടെ ഒരു പാക്കേജ് അയച്ചു.

കസ്റ്റംസ് ഉദ്യോഗസ്ഥർ ഈ പാക്കേജ് കണ്ടെത്തുകയും, പോസ്റ്റ് ഓഫിസിൽനിന്ന് ഇത് വാങ്ങാൻ പോയപ്പോൾ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ചോദ്യംചെയ്യലിൽ, ഇയാൾ പാകിസ്താൻകാരെക്കുറിച്ച് പൊലീസിന് വിവരങ്ങൾ കൈമാറി. ഇത് കേസന്വേഷണത്തിൽ നിർണായകമായി.

നാർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമത്തിലെ ആർട്ടിക്കിൾ 53 അനുസരിച്ച്, അധികാരികൾക്ക് വിവരം ലഭിക്കുന്നതിന് മുമ്പ് കുറ്റകൃത്യത്തെക്കുറിച്ച് സ്വമേധയാ വിവരം നൽകുന്ന ആരെയും ശിക്ഷയിൽനിന്ന് ഒഴിവാക്കാവുന്നതാണ്. ഇത് തടവ് ശിക്ഷ, പിഴ, വധശിക്ഷ എന്നിവയിൽ നിന്ന് പോലും പ്രതിയെ ഒഴിവാക്കും. കൂട്ടാളിയായ ജവാദിനെക്കുറിച്ചും, പാക്കേജിനെക്കുറിച്ചും പ്രതി നൽകിയ വിവരങ്ങൾ നിർണായകമായതിനാൽ, അപ്പീൽ കോടതി ഇയാൾക്കെതിരെയുള്ള 15 വർഷം തടവും പിഴയും റദ്ദാക്കി.

Tags:    
News Summary - Indian accused in drug case gets commutation of sentence; Court pardons man for betraying associates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.