ഇറക്കുമതി കൂടി; കയറ്റുമതി കുറഞ്ഞു

മനാമ: രാജ്യത്ത് ഇറക്കുമതി കൂടിയതായും കയറ്റുമതി കുറഞ്ഞതായും ഇൻഫർമേഷൻ ആന്‍റ്​ ഇ- ഗവർമെന്‍റ്​ അതോറിറ്റിയുടെ വിദേശ വ്യാപാര റിപ്പോർട്ട്. ഇറക്കുമതിയുടെ മൂല്യം 3% വർദ്ധിച്ചു. 2022 ഏപ്രിലിൽ 505 ദശലക്ഷം ദിനാറിന്റെ ചരക്കുകൾ ഇറക്കുമതി ചെയ്തെങ്കിൽ ഈ വർഷം ഏപ്രിലിൽ അത് 523 ദശലക്ഷം ദിനാറായി വർധിച്ചു. 10 രാജ്യങ്ങളിനിന്നാണ് മെത്തം മൂല്യത്തിന്റെ 72% ഇറക്കുമതിയും നടക്കുന്നത്. ബ്രസീലിൽനിന്നാണ് കൂടുതൽ ഇറക്കുമതിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.- 79 ദശലക്ഷം ദിനാർ. ചൈനയിൽനിന്ന് 61 ദശലക്ഷം ദിനാറിന്റെ ചരക്കുകൾ ഇറക്കുമതി ചെയ്യുന്നുണ്ട്. ഓസ്‌ട്രേലിയയിൽനിന്ന് 54 ദശലക്ഷം ദിനാറിന്റെ ഇറക്കുമതിയുണ്ട്.


നോൺ-അഗ്ലോമറേറ്റഡ് ഇരുമ്പയിരുകളും കോൺസെൻട്രേറ്റുകളുമാണ് ബഹ്‌റൈനിലേക്ക് ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്നത്. ഇവയുടെ മൂല്യം 94 ദശലക്ഷം ദിനാർ വരും.48 ദശലക്ഷം ദിനാറിന്റെ അലൂമിനിയം ഓക്‌സൈഡും 16 ദശലക്ഷം ദിനാറിന്റെ സ്വർണ്ണക്കട്ടിയും ഇറക്കുമതി ചെയ്യുന്നുണ്ട്. അതേസമയം രാജ്യത്ത് ഉൽപാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ കയറ്റുമതി 37% കുറഞ്ഞതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2022 ഏപ്രിലിൽ 478 ദശലക്ഷം ദിനാറായിരുന്നു കയറ്റുമതി മൂല്യമെങ്കിൽ 2023 ഏപ്രിലിൽ അത് 303 ദശലക്ഷം ദിനാറായി കുറഞ്ഞു. സൗദിയിലേക്കാണ് ഏറ്റവും കുടുതൽ കയറ്റുമതി- 88 ദശലക്ഷം ദിനാർ. അമേരിക്ക 32 ദശലക്ഷം ദിനാറിന്റെ ഉൽപന്നങ്ങൾ ബഹ്റൈനിൽനിന്ന് കയറ്റുമതി ചെയ്യുന്നു. 29 ദശലക്ഷം ദിനാറിന്റെ കയറ്റുമതി യു.എ.ഇയിലേക്കുണ്ട്.

96 ദശലക്ഷം ദിനാറിന്റെ മുല്യമുള്ള അലൂമിനിയം സംയുക്തങ്ങളാണ് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്നത്. അഗ്ലോമറേറ്റഡ് അയൺ അയിരുകളും കോൺസെൻട്രേറ്റ് അലോയ്ഡും അലുമിനിയം വയറുമാണ് പ്രധാന കയറ്റുമതി. എന്നാൽ പുനർ കയറ്റുമതി 30% വർദ്ധിച്ചിട്ടുണ്ട്. 2023 ഏപ്രിലിൽ 67 ദശലക്ഷം ദിനാറാണിത്. മുൻവർഷം അതേ മാസം 51 ദശലക്ഷം ദിനാറായിരുന്നു. യു.എ.ഇ., സൗദി, സിംഗപ്പൂർ എന്നിവയാണ് ബഹ്റൈനിൽനിന്ന് ഏറ്റവുമധികം പുനർ കയറ്റുമതി നടത്തുന്ന രാജ്യങ്ങൾ. ടർബോ ജെറ്റ്, നാലുചക്ര വാഹനങ്ങൾ, റിസ്റ്റ് വാച്ച് എന്നിവയാണ് ബഹ്റൈനിൽനിന്ന് പുനർകയറ്റുമതി ചെയ്യുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.