സമീപകാലത്ത് കേരളത്തെ പിടിച്ചുകുലുക്കിയ രണ്ട് പ്രധാനപ്പെട്ട സംഭവങ്ങളാണ് ശബരിമലയിലെ സ്വർണാപഹരണവും പിന്നെ രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ ശാഖയിൽ നടന്ന പീഡനങ്ങളുടെ പേരിൽ ഒരു ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്തതും. ശബരിമലമലയിൽ ആചാരസംരക്ഷണത്തിനായി കേരളം മുഴുവൻ പ്രതിഷേധം സംഘടിപ്പിച്ച വലതുതീവ്രവിഭാഗങ്ങൾ ഇത്രയും വലിയ സ്വർണക്കൊള്ള നടന്നിട്ടും വലിയ തോതിലുള്ള ഒരു പ്രതിഷേധവും ഉണ്ടാക്കാത്തത് അത്ഭുതപ്പെടുത്തുന്ന ഒന്നാണെങ്കിലും മാധ്യമങ്ങളിൽ ഈ വിഷയം കത്തിനിൽക്കുന്നുണ്ടായിരുന്നു.
ഇതേപോലെ അനന്തു അജി എന്ന ചെറുപ്പക്കാരൻ തനിക്ക് ശാഖയിൽനിന്ന് അനുഭവിക്കേണ്ടി വന്ന പീഡനങ്ങൾ കേരളത്തോട് തുറന്നുപറയുകയും അത് ചെറിയ തോതിൽ സമൂഹത്തിൽ ചർച്ചയാവുകയും ചെയ്തു. യഥാർഥത്തിൽ ആർ.എസ്.എസുകാരെ സുഹൃത്തുക്കൾ ആക്കരുതെന്നും വലിയ തോതിൽ വിഷം കൊണ്ട് നടക്കുന്നവരാണ് അവരെന്നുമുള്ള അനന്തുവിന്റെ തുറന്നുപറച്ചിൽ കേരളം അവഗണിച്ച പോലെയാണ് തോന്നിയത്. സംഘ് പരിവാറിനെതിരെ ഉയരുന്ന ആരോപണങ്ങൾ വല്ലാതെയൊന്നും ചർച്ച ചെയ്യപ്പെടാതിരിക്കാൻ ചില കേന്ദ്രങ്ങൾ വല്ലാത്ത ജാഗ്രത കാണിക്കുന്നതായും തോന്നിയിട്ടുണ്ട്.
പക്ഷെ പള്ളുരുത്തി ശിരോവസ്ത്രവിവാദം വന്നപ്പോൾ ചാനൽ, മൊബൈൽ സ്ക്രീനുകളിൽ ആ വിഷയം മാത്രമാവുകയും മറ്റുരണ്ട് വാർത്തകളും പിന്നോക്കം പോവുകയും ചെയ്തു. ചെറിയ തോതിലെങ്കിലും സമൂഹത്തിൽ നിറഞ്ഞുനിന്ന ഈ വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാൻ ആസൂത്രിതമായി ഉയർത്തിക്കൊണ്ടുവന്ന ഒന്നല്ലേ ഹിജാബ് വിവാദം എന്നാരെങ്കിലും സംശയിച്ചാൽ അവരെ തെറ്റ് പറയാൻ കഴിയില്ല.
തങ്ങളെ വല്ലാതെ ബാധിക്കുന്ന പ്രശ്നങ്ങൾ വരുമ്പോൾ ചില കേന്ദ്രങ്ങൾ ചില എല്ലിൻകഷണങ്ങൾ എതിർ ഭാഗത്തേക്ക് എറിഞ്ഞു കൊടുക്കും. അതിനുപിന്നാലെ മാധ്യമങ്ങളും സമൂഹവും പായുമ്പോൾ യഥാർത്ഥ പ്രശ്നങ്ങൾ ഇരുട്ടിലേക്ക് നീങ്ങപ്പെടുകയും ചെയ്യും എന്നത് കാലങ്ങളായി നാം കാണുന്ന യാഥാർഥ്യമാണ്.
യഥാർത്ഥത്തിൽ രാജ്യസ്നേഹത്തിന്റെ മൊത്തം കുത്തക ഏറ്റെടുത്ത ഒരു സംഘടനയുടെ ഇരുമ്പ് മറക്കുള്ളിൽ നടക്കുന്നത് അനന്തു വെളിപ്പെടുത്തിയ പോലുള്ള സംഭവങ്ങളാണെങ്കിൽ അതിനെപ്പറ്റി കൂടുതൽ അന്വേഷണം നടത്താൻ മാധ്യമങ്ങൾക്ക് ബാധ്യതയുണ്ടായിരുന്നു. പക്ഷെ ഒരാളും ആ വഴിക്ക് പോയതേയില്ല.
ഇതേപോലെ സ്വർണക്കൊള്ളയും അർഹിക്കുന്ന ഗൗരവത്തിൽ കേരളം ചർച്ച ചെയ്തോ എന്നു ചോദിച്ചാൽ ഇല്ല എന്നു തന്നെയാണുത്തരം. കോടിക്കണക്കിന് അയ്യപ്പവിശ്വാസികളെ വഞ്ചിച്ചുകൊണ്ട് ദ്വാരപാലക ശിൽപത്തിൽനിന്ന് സ്വർണം കവർന്നവരെയും അതിന് കുട പിടിച്ചവരെയും തുറന്നുകാണിക്കാൻ ആരൊക്കെയോ മടിക്കുന്നപോലെ തോന്നി.
ചുരുക്കത്തിൽ ഏതൊക്കെ സംഭവങ്ങൾ സമൂഹം ചർച്ച ചെയ്യണമെന്ന് ആരൊക്കെയോ തീരുമാനിക്കുന്ന പോലെയും മാധ്യമങ്ങൾ വരിതെറ്റാതെ അവർ തെളിച്ച വഴിയിലൂടെ വിനീതവിധേയരായി നടക്കുന്ന പോലെയും തോന്നുന്നു. അതുകൊണ്ടാണല്ലോ ചില വാർത്തകൾ വളരെ പെട്ടെന്ന് ശൂന്യതയിൽ അലിഞ്ഞുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.