മനാമ: രാജ്യത്തെ ഭവന ധനസഹായ പദ്ധതിയിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ പതിനായിരത്തിലധികം പേരുടെ അപേക്ഷകൾ അംഗീകരിച്ചെന്ന് ഭവന, നഗര ആസൂത്രണ മന്ത്രി അംന അൽ റൊമൈഹി. ഈ വർഷത്തെ ആദ്യ പകുതിയിൽ മാത്രം 2584 അപേക്ഷകൾ ഇതിനോടകം അംഗീകരിച്ചതായും 2022ൽ പദ്ധതി തുടങ്ങിയത് മുതൽ ഇതുവരെ ആകെ 10163 അപേക്ഷകൾ അംഗീകരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തെ, ബഹ്റൈനിൽ ഭവന സഹായത്തിനായി അപേക്ഷിക്കുന്നവർക്ക് സഹായം ലഭിക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടിയിരുന്നു. എന്നാൽ, സർക്കാറിന്റെ പുതിയ ഭവന തന്ത്രത്തിന്റെ ഭാഗമായി ‘തൽക്ഷണ ധനസഹായ പദ്ധതികൾ’ അവതരിപ്പിച്ചു. ഈ പുതിയ പദ്ധതികളിലൂടെ, അപേക്ഷകർക്ക് ഉടൻതന്നെ സാമ്പത്തിക സഹായം ലഭിക്കുകയും, അതുവഴി വേഗത്തിൽ ഭവനം സ്വന്തമാക്കാൻ കഴിയുകയും ചെയ്തു. നിലവിൽ അംഗീകരിച്ചവരിൽ 82 ശതമാനം പേരെയും പഴയ കാത്തിരിപ്പ് പട്ടികയിൽനിന്ന് പുതിയ തൽക്ഷണ പദ്ധതികളിലേക്ക് മാറ്റിയതാണ്. ഇത് സർക്കാറിന്റെ പുതിയ ഭവന നയങ്ങളിൽ പൊതുജനങ്ങൾക്ക് വർധിച്ചുവരുന്ന വിശ്വാസത്തെയാണ് കാണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
പുതിയ പദ്ധതികൾ കൂടുതൽ ഫലപ്രദമാണെന്നും പൗരന്മാർക്ക് വേഗത്തിൽ ഭവന പരിഹാരങ്ങൾ നൽകുന്നുണ്ടെന്നും അവർ പറഞ്ഞു.ഭവന വായ്പകൾ ലഭിക്കുന്നവർ പ്രധാനമായും താമസ യൂനിറ്റുകളോ അപ്പാർട്ട്മെന്റുകളോ വാങ്ങുകയാണ് പതിവ്. എന്നാൽ ഭൂമി വാങ്ങുക, വീട് നിർമിക്കുക, ഭൂമി വാങ്ങുകയും അതിൽ വീട് നിർമിക്കുകയും ചെയ്യുന്നവരുണ്ട്.
ഇത്തരത്തിൽ സഹായം ലഭിക്കുന്നതിലൂടെ വീടിന്റെ തരം, സ്ഥലം, വലുപ്പം എന്നിവ പൗരന്മാർക്ക് ഇഷ്ടത്തിനനുസരിച്ച് തിരഞ്ഞെടുക്കാനും നിർമിക്കാനും സാധിക്കുമെന്നും പദ്ധതിയുടെ ഗുണങ്ങളെക്കുറിച്ച് പറയുന്നതിനിടെ അൽ റുമൈഹി വ്യക്തമാക്കി. ഭവന ധനസഹായ പരിപാടിയുടെ വിജയത്തിൽ വാണിജ്യ ബാങ്കുകളും റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരും വഹിച്ച സുപ്രധാന പങ്കിനെയും അവർ പ്രശംസിച്ചു. പദ്ധതി ബഹ്റൈന്റെ വിശാലമായ സർക്കാർ കർമ പദ്ധതിയുമായി (2023-2026) യോജിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.