?എന്റെ വിസ ഒരു വർഷത്തേക്കുള്ളതാണ്. 2023 സെപ്റ്റംബർ 15ന് കാലാവധി പൂർത്തിയാകും. എന്നെ മെയിന്റനൻസ് ഡിപ്പാർട്മെന്റിലേക്കാണ് റിക്രൂട്ട് ചെയ്തത്. ഡ്രൈവിങ് ലൈസൻസും CRPEPയും ലഭിക്കുമ്പോൾ ശമ്പളം വർധിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ഇത് രണ്ടും ലഭിച്ചിട്ടും നടപടിയുണ്ടായില്ല. ഈ കമ്പനിയിൽനിന്ന് മാറണമെന്നാണ് ആഗ്രഹിക്കുന്നത്. എന്റെ ഒരു വർഷത്തെ കരാറിനുശേഷം (കമ്പനി എന്റെ രാജി സ്വീകരിക്കുന്നില്ലെങ്കിൽ) കമ്പനി മാറുന്നതിനുള്ള നടപടിക്രമം എന്താണെന്ന് വിശദമാക്കാമോ?- ശിഹാബ്
• താങ്കളുടെ തൊഴിൽ കരാർ കഴിയുമ്പോൾ അല്ലെങ്കിൽ വിസ തീരുമ്പോൾ, തൊഴിലുടമ വിസ റദ്ദു ചെയ്യുകയാണെങ്കിൽ ഒരുമാസം ഇവിടെ താമസിക്കാൻ സാധിക്കും. ആ സമയം വേറെ ജോലി ലഭിക്കുകയാണെങ്കിൽ വിസ മാറുന്നതിന് തടസ്സമില്ല. തൊഴിലുടമ വിസ റദ്ദ് ചെയ്ത് താങ്കളെ നാട്ടിൽ തിരികെ വിടുകയാണെങ്കിൽ നാട്ടിൽ പോയി പുതിയ വിസയിൽ തിരികെ വരാൻ സാധിക്കും. ഒരു വർഷത്തെ വിസ ആയതുകൊണ്ട് നോട്ടീസ് നൽകി വിസ മാറ്റാൻ പ്രയാസമാണ്. കാരണം ഒരു വർഷം കഴിഞ്ഞാൽ മാത്രമേ ജോലി മാറാൻ സാധിക്കൂ. താങ്കൾക്ക് തൊഴിൽ കരാർ/ വിസ പുതുക്കാൻ താൽപര്യമില്ലെന്ന് കാണിച്ച് ഒരുമാസം മുമ്പേ തൊഴിലുടമക്ക് കത്ത് നൽകണം.
അതുപോലെ എൽ.എം.ആർ.എയിൽ മൊബിലിറ്റി നൽകണം. മൊബിലിറ്റി കൊടുത്താൽ പിന്നെ ഇപ്പോഴത്തെ തൊഴിലുടമക്ക് വിസ പുതുക്കാൻ സാധിക്കുകയില്ല. വിസ തീരുന്നതിന് 30 ദിവസം മുമ്പേ എങ്കിലും മൊബിലിറ്റി കൊടുക്കണം. ഇത് എൽ.എം.ആർ.എയിലാണ് കൊടുക്കേണ്ടത്.
?എനിക്ക് രണ്ടു മാസത്തെ അവധിക്ക് അർഹതയുണ്ട്. ഇപ്പോൾ നാട്ടിൽ പോകാനുള്ള സാഹചര്യമില്ല. അതുകൊണ്ട് അവധിയെടുത്ത് വേറെ എന്തെങ്കിലും ജോലി ചെയ്യുന്നതിന് നിയമതടസ്സമുണ്ടോ?- വിഷ്ണു
• വാർഷിക അവധി സമയത്ത് വേറെ ജോലി ചെയ്യാൻ പാടില്ല. ഈ വ്യവസ്ഥ തൊഴിൽ നിയമത്തിൽ വ്യക്തമായി പറയുന്നുണ്ട്. അഥവാ ജോലി ചെയ്യുകയാണെങ്കിൽ അവധിക്ക് അനുവദിച്ച ശമ്പളം തരാതിരിക്കാൻ തൊഴിലുടമക്ക് അധികാരമുണ്ട്. അതുപോലെ എൽ.എം.ആർ.എ നിയമപ്രകാരവും വേറെ തൊഴിലുടമയുടെ കൂടെ ജോലി ചെയ്യാൻ പാടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.