മനാമ: ബഹ്റൈനിൽ കനത്ത മഴതുടരുന്നു. കഴിഞ്ഞ ദിവസം രാത്രി വലിയ അളവിൽ തന്നെ രാജ്യത്തിന്റെ പലയിടത്തും മഴ പെയ്തു. ചിലയിടങ്ങളിൽ റോഡിൽ വെള്ളക്കെട്ടും രൂപപ്പെട്ടിരുന്നു. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സാഖിറിലെ ബി.ഐ.സിയിൽ സംഘടിപ്പിച്ച കരിമരുന്ന് പ്രകടനത്തിന് മഴ ഭീഷണിയാകുമെന്ന് കരുതിയിരുന്നു. എങ്കിലും വൈകിട്ട് ഏഴിന് സംഘടിപ്പിച്ച പരിപാടി മഴ തടസ്സം നിൽക്കാതെ തന്നെ നടത്താൻ സാധിച്ചു.
ബഹ്റൈനിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന മഴയും ഇടിമിന്നലും വ്യാഴാഴ്ച വൈകുന്നേരം വരെ തുടരുമെന്ന് കാലാവസ്ഥ മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയിൽനിന്ന് കിഴക്ക് ഭാഗത്തേക്ക് നീങ്ങിയ ന്യൂനമർദമാണ് രാജ്യത്ത് മഴക്കും കാറ്റിനും കാരണമായത്. മണിക്കൂറിൽ 30 നോട്ട്സ് വരെ വേഗത്തിലുള്ള കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കഴിഞ്ഞ ദിവസം 180C നും 230C നും ഇടയിലായിരുന്നു താപനില. വെള്ളിയാഴ്ച മുതൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റും ശീതതരംഗവും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതോടെ, താപനില 120C - 170C ലേക്ക് താഴ്ന്നേക്കും.മഴയുടെ പശ്ചാത്തലത്തിൽ വാഹനമോടിക്കുന്നവർ അതി ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആവശ്യപ്പെട്ടു. വേഗം കുറക്കുക, വാഹനങ്ങൾ തമ്മിൽ കൃത്യമായ അകലം പാലിക്കുക, ശരിയായ ലൈനിലൂടെ മാത്രം വാഹനമോടിക്കുക തുടങ്ങിയ നിർദേശങ്ങൾ കർശനമായി പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.