മനാമ: മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ, ഏത് അടിയന്തര സാഹചര്യവും നേരിടാൻ രാജ്യം സുസജ്ജമാണെന്ന് ഗവൺമെന്റ് ഹോസ്പിറ്റൽസ് അധികൃതർ അറിയിച്ചു. ആശുപത്രികളിൽ കൂടുതൽ കിടക്കകൾ സജ്ജമാക്കുന്നതിനും താൽക്കാലിക ക്ലിനിക്കുകൾ ആരംഭിക്കുന്നതിനുമുള്ള അടിയന്തര കർമപദ്ധതികൾ ഇതിനകം തയ്യാറായിക്കഴിഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ കേന്ദ്രമായ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ശനിയാഴ്ച മുതൽ പൂർണ സജ്ജമായാണ് പ്രവർത്തിക്കുന്നത്. ഡോക്ടർമാർ, നഴ്സുമാർ, മറ്റ് വിദഗ്ധ ജീവനക്കാർ എന്നിവർ ഏതു നിമിഷവും സേവനത്തിന് തയ്യാറായി സ്റ്റാൻഡ്‌ബൈ മോഡിലാണ്.അത്യാവശ്യ ഘട്ടങ്ങളിൽ കൂടുതൽ രോഗികളെ പ്രവേശിപ്പിക്കാനായി അധിക കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്. നിശ്ചിത സ്ഥലങ്ങളെ താൽക്കാലിക ക്ലിനിക്കുകളാക്കി മാറ്റുന്നതിനുള്ള നടപടികളും പൂർത്തിയായി.അത്യാവശ്യ മരുന്നുകൾ, എമർജൻസി ഡ്രഗ്ഗുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ മതിയായ ശേഖരം ഉറപ്പാക്കിയിട്ടുണ്ട്.
കോവിഡ് കാലത്ത് ബി.ഡി.എഫ് ആശുപത്രിയിലെ പാർക്കിംഗ് ഏരിയ ഫീൽഡ് ഐ.സി.യു ആയി മാറ്റിയ മാതൃകയിൽ, പ്രതിസന്ധി രൂക്ഷമായാൽ കൂടുതൽ ഫീൽഡ് ആശുപത്രികൾ തുറക്കാനും അധികൃതർക്ക് പദ്ധതിയുണ്ട്.കഴിഞ്ഞ തിങ്കളാഴ്ച മിസൈൽ അവശിഷ്ടങ്ങൾ വീണുണ്ടായ അപകടത്തിൽ ഒരു ബംഗ്ലാദേശ് സ്വദേശി മരിച്ചിരുന്നു. പരിക്കേറ്റ രണ്ട് ബംഗ്ലാദേശ് സ്വദേശികൾ ചികിത്സയിലാണ്. മറ്റ് ആക്രമണങ്ങളിൽ പരിക്കേറ്റ പലരും സൽമാനിയ ആശുപത്രിയിൽ ചികിത്സയിലാണെങ്കിലും ആരുടെയും നില ഗുരുതരമല്ല.
നിലവിൽ എല്ലാ ആശുപത്രികളിലും അത്യാഹിത വിഭാഗങ്ങൾ തടസ്സമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും സാധാരണ ചികിത്സാ സേവനങ്ങളിൽ മാറ്റങ്ങൾ വരുത്താതെ തന്നെ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സംവിധാനമുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.