റിയാദ് ഗ്ലോബൽ ഹെൽത്ത് ഫോറം 2024ൽ ബഹ്റൈൻ ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസൻ പങ്കെടുക്കുന്നു
മനാമ: സൗദി ആരോഗ്യമന്ത്രാലയം റിയാദിൽ സംഘടിപ്പിച്ച ഏഴാമത് ത്രിദിന ആഗോള ആരോഗ്യമേളയിൽ (ഗ്ലോബൽ ഹെൽത്ത് ഫോറം 2024) ബഹ്റൈൻ ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസൻ പങ്കെടുത്തു. ‘ആരോഗ്യത്തിൽ നിക്ഷേപിക്കുക’ എന്ന തലവാചകത്തിൽ വടക്കൻ റിയാദിലെ മൽഹം മേഖലയിലെ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ തിങ്കളാഴ്ച ആരംഭിച്ച മേള ബുധനാഴ്ച അവസാനിച്ചു.
ഗൾഫിലും ആഗോളതലത്തിലും ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ നവീകരിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിൽ ഫോറം പോലുള്ള പരിപാടികളുടെ പ്രാധാന്യം ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസൻ തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.
കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമായി വിപുലമായ ആരോഗ്യപരിചരണ പദ്ധതികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും അവർ ചൂണ്ടിക്കാട്ടി.
ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ച സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജൽ ആരോഗ്യമേഖലയിൽ 5,000 കോടി റിയാൽ മൂല്യമുള്ള നിക്ഷേപ കരാറുകൾ പ്രഖ്യാപിച്ചു. ലോകത്തിന്റെ വിവിധ കോണുകളിൽനിന്നുള്ള സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ വിദഗ്ധർ, നിക്ഷേപകർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവരാണ് ഗ്ലോബൽ ഹെൽത്ത് സമ്മേളനത്തിൽ പങ്കെടുത്തത്.
40 രാജ്യങ്ങളിൽനിന്ന് 1200ലധികം ഉൽപന്നങ്ങൾ മൂന്ന് ദിവസത്തെ പരിപാടിയിൽ പ്രദർശിപ്പിച്ചു. വിവിധ സെഷനുകളിലായി അഞ്ഞൂറിലേറെ പ്രഭാഷകർ സംസാരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ കമ്പനികൾ അവരുടെ ഏറ്റവും പുതിയ മെഡിക്കൽ ഉപകരണങ്ങളും മെഷീനുകളും പ്രദർശിപ്പിച്ചു.
ആശുപത്രികൾ പോളിക്ലിനിക്കുകൾ ഫാർമസികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് ആവശ്യമായ സോഫ്റ്റ് വെയറുകളും മറ്റ് ഐ.ടി ബിസിനസ് സൊലൂഷനുകളും പരിചയപ്പെടാനും വാങ്ങുന്നതിനുമുള്ള അവസരമായി മേള മാറി.
പൊതു ആരോഗ്യം, ക്വാളിറ്റി ഹെൽത്ത് കെയർ, ദി ഫ്യൂച്ചർ ഓഫ് മെഡിക്കൽ ലബോറട്ടറി, റേഡിയോളജി തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിൽ (സി.എം.ഇ) കോൺഫറൻസുകളും നടന്നു. മെഡിക്കൽ വിദ്യാർഥികൾ, അധ്യാപകർ, ഡോക്ടർമാർ, മറ്റു മെഡിക്കൽ പാരാമെഡിക്കൽ സ്റ്റാഫുകൾ അടക്കം നിരവധി സന്ദർശകർ മേള കാണാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.