മനാമ: പത്താമത് ജി.സി.സി അർബുദ അവബോധ വാരാചരണം ഫെബ്രുവരി ഏഴിന് സമാപിക്കും. വാരാചരണ ഭാഗമായി വിവിധ പരിപാടികൾ ഗൾഫ് രാജ്യങ്ങളിൽ നടന്നുവരികയാണ്. സിവിൽ സൊസൈറ്റികളെ ഉൾപ്പെടുത്തി 2002ലാണ് ഗൾഫ് യൂനിയൻ ഫോർ കാൻസർ കൺട്രോൾ സ്ഥാപിച്ചത്. പത്തുവർഷമായി എല്ലാ വർഷവും ഫെബ്രുവരി ഒന്നുമുതൽ ഏഴുവരെ അർബുദ ബോധവത്കരണ വാരാചരണം സംഘടിപ്പിക്കുന്നു.
ജി.സി.സി രാജ്യങ്ങൾ സ്വന്തം നിലക്കും സംയുക്തമായും വൈവിധ്യമാർന്ന പരിപാടികൾ ഇതോടനുബന്ധിച്ച് സംഘടിപ്പിക്കാറുണ്ട്. കാൻസർ രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും മാർഗ നിർദേശം നൽകുകയും മാനസികവും ധാർമികവുമായ പിന്തുണ നൽകുകയും അർബുദം നേരത്തെ കണ്ടെത്തുന്നതിന്റെ പ്രാധാന്യം പ്രചരിപ്പിക്കുകയുമാണ് വാരാചരണത്തിന്റെ പ്രധാന ലക്ഷ്യം.
കാൻസർ ചികിത്സയിൽ മുന്നേറ്റമുണ്ടാക്കാനുള്ള ഗവേഷണവും സഹകരണവും ശക്തമാക്കുന്നതും ലക്ഷ്യമാണ്. ഗൾഫ് യൂനിയൻ ഫോർ കാൻസർ കൺട്രോൾ രൂപവത്കരണവും കാൻസർ വാരാചരണവും മികച്ച പ്രതിഫലനം സൃഷ്ടിച്ചിട്ടുണ്ടെന്ന് കോഓഡിനേഷൻ കമ്മിറ്റി മേധാവി ഡോ. ഹെസ്സ അൽ ഷഹീൻ പറഞ്ഞു. 72 വിവിധ പ്രവർത്തനങ്ങളാണ് ഈ വർഷം കുവൈത്തിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നടന്ന പ്രത്യേക പരിപാടിയിൽ ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ അവാദി, മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. നാദിയ അൽ ജുമുഅ, കാൻസർ ബോധവത്കരണ കാമ്പയിൻ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഖാലിദ് അൽ സാലിഹ്, കാൻസർ രോഗികൾക്ക് മാനസിക പരിചരണം നൽകാനായി സ്ഥാപിച്ച അൽ സിദ്റ അസോസിയേഷൻ സ്ഥാപകയും ഡയറക്ടർ ബോർഡ് ചെയർപേഴ്സണുമായ ശൈഖ അസ്സ ജാബിർ അൽ അലി അസ്സബാഹ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.