മനാമയിൽ മന്ത്രിസഭ ചേർന്ന് ജി.സി.സി; ആക്രമണങ്ങൾ രാജ്യങ്ങളുടെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റം

മനാമ: ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെ നടന്ന ഇറാനിയൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ തുടർന്ന് ചേർന്ന ജി.സി.സി മന്ത്രിസഭയുടെ 167ാമത് യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരത്തിലുള്ള ആക്രമണങ്ങൾ രാജ്യങ്ങളുടെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെയും അയൽപക്ക മര്യാദകളുടെയും നഗ്നമായ ലംഘനമാണെന്നും യോഗം വിലയിരുത്തി.

മേഖലയിലെ സമാധാനം തകർക്കുന്ന ഇത്തരം നടപടികൾ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് യോഗം വ്യക്തമാക്കി. ജി.സി.സി അംഗരാജ്യങ്ങളുടെ സുരക്ഷ അവിഭാജ്യമാണെന്നും ഏതെങ്കിലും ഒരു രാജ്യത്തിന് നേരെയുള്ള ആക്രമണം തങ്ങൾക്കെല്ലാവർക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നും കൗൺസിൽ പ്രഖ്യാപിച്ചു. ഏത് സാഹചര്യത്തെയും നേരിടാൻ ജി.സി.സി രാജ്യങ്ങളുടെ സംയുക്ത പ്രതിരോധ സംവിധാനങ്ങൾ സജ്ജമാണെന്നും, ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ ഉറപ്പുനൽകി.

ഐക്യരാഷ്ട്ര സഭയുടെ ചാർട്ടറിലെ 51ാം അനുച്ഛേദപ്രകാരം സ്വന്തം രാജ്യങ്ങളെ സംരക്ഷിക്കാനും ഇത്തരം ആക്രമണങ്ങൾക്ക് മറുപടി നൽകാനും ജി.സി.സി രാജ്യങ്ങൾക്ക് അവകാശമുണ്ടെന്ന് യോഗം ഓർമിപ്പിച്ചു. മേഖലയിലെ സംഘർഷങ്ങൾക്കും സുരക്ഷാ പ്രശ്നങ്ങൾക്കും ഉത്തരവാദി ഇറാൻ മാത്രമാണെന്നും, ആക്രമണങ്ങൾ അടിയന്തരമായി നിർത്തിവെക്കാൻ ഇറാൻ തയ്യാറാവണമെന്നും ജി.സി.സി ആവശ്യപ്പെട്ടു.

ഈ വിഷയത്തിൽ ഇടപെടാനും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനും ഐക്യരാഷ്ട്ര സുരക്ഷാ സമിതിയോടും അന്താരാഷ്ട്ര സമൂഹത്തോടും കൗൺസിൽ അഭ്യർത്ഥിച്ചു. അതേസമയം, നയതന്ത്രപരമായ ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഇപ്പോഴും ജി.സി.സി ആഗ്രഹിക്കുന്നത്. എന്നാൽ, ഇറാൻ ആക്രമണങ്ങൾ തുടരുകയാണെങ്കിൽ ഭാവിയിലെ ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ച് പുനർചിന്തനം നടത്തേണ്ടി വരുമെന്നും, വിവേകത്തോടെ പെരുമാറുന്നവർക്ക് മാത്രമെ ചർച്ചകളിലൂടെ മുന്നോട്ട് പോകാൻ സാധിക്കൂ എന്നും കൗൺസിൽ വ്യക്തമാക്കി.

തുടർന്ന് മനാമയിൽ നടന്ന ജി.സി.സി-കാനഡ സംയുക്ത മന്ത്രിതല യോഗത്തിലും ഇറാനിയൻ ആക്രമണങ്ങളെ അപലപിക്കുകയും മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ ചർച്ച ചെയ്യുകയും ചെയ്തു. മേഖലയിലെ സുരക്ഷാ വെല്ലുവിളികൾക്കിടയിൽ കാനഡ ജി.സി.സി രാജ്യങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നത് വലിയൊരു സന്ദേശമാണെന്നും, ഇറാനിയൻ ആക്രമണങ്ങളെ അപലപിച്ച കാനഡയുടെ നിലപാടിനെ അഭിനന്ദിക്കുന്നതായും മന്ത്രി അറിയിച്ചു.

Tags:    
News Summary - GCC cabinet meets in Manama; attacks are an invasion of countries' sovereignty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-11 05:46 GMT