സ്വന്തം പേരിലുള്ള സിം കാർഡുകൾ മറ്റുള്ളവർക്ക് നൽകരുത്; മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം

മനാമ: സ്വന്തം പേരിലുള്ള സിം കാർഡുകൾ മറ്റുള്ളവർക്ക് കൈമാറുകയോ രജിസ്റ്റർ ചെയ്ത് നൽകുകയോ ചെയ്യരുതെന്ന മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം. ഇത്തരം നമ്പറുകൾ പിന്നീട് ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കപ്പെടുകയാണെങ്കിൽ അത് ഗൗരവമേറിയ നിയമപ്രശ്നങ്ങൾക്ക് കാരണമാകും എന്ന് മന്ത്രാലയം വ്യക്തമാക്കി.

ആഭ്യന്തര മന്ത്രാലയത്തിന്റെ അൽ അമാൻ സോഷ്യൽ മീഡിയ പരിപാടിയുടെ പുതിയ എപ്പിസോഡിലാണ് സിം കാർഡുകൾ മറ്റുള്ളവർക്കായി രജിസ്റ്റർ ചെയ്യുന്നതിലെ അപകടസാധ്യതകളെക്കുറിച്ച് വിശദീകരിച്ചത്. ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കാൻ പൊതുജനങ്ങൾ തയ്യാറാകണമെന്ന് ഹിദ്ദ് പൊലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹർ ആവശ്യപ്പെട്ടു.

മൊബൈൽ നമ്പറുകൾ പലപ്പോഴും ബാങ്ക് അക്കൗണ്ടുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, വിവിധ ഡിജിറ്റൽ സേവനങ്ങൾ എന്നിവയുമായി ബന്ധിപ്പിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ സാമ്പത്തിക തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ, മറ്റ് സംശയാസ്പദമായ ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ ഈ നമ്പറുകൾ നിർണായക തെളിവുകളായി മാറുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒരു കുറ്റകൃത്യത്തിന് ഉപയോഗിച്ച നമ്പർ നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തതാണെങ്കിൽ സ്വാഭാവികമായും നിങ്ങൾ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. യഥാർത്ഥത്തിൽ കുറ്റം ചെയ്തത് ആരാണെന്ന് കണ്ടെത്തുന്നതിന് മുൻപ് അന്വേഷണ ഉദ്യോഗസ്ഥർ ആദ്യം പരിശോധിക്കുന്നത് നമ്പറിന്റെ യഥാർത്ഥ ഉടമയെയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

നിങ്ങളുടെ തിരിച്ചറിയൽ രേഖകളിൽ രജിസ്റ്റർ ചെയ്ത സിം കാർഡ് മറ്റൊരാൾക്ക് ഉപയോഗിക്കാൻ നൽകുന്നത് യഥാർത്ഥത്തിൽ കുറ്റവാളികൾക്ക് സംരക്ഷണം നൽകുന്നതിന് തുല്യമാണ്. ഇത് നമ്പറിന്റെ ഉടമയെ സംശയനിഴലിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ മൊബൈൽ നമ്പറുകളും പരിശോധിക്കാൻ താമസക്കാരോട് അധികൃതർ ആവശ്യപ്പെട്ടു. തങ്ങൾ ഇനി ഉപയോഗിക്കാത്തതോ നിയന്ത്രണത്തിലല്ലാത്തതോ ആയ നമ്പറുകൾ ഉടൻ തന്നെ ബന്ധപ്പെട്ട ടെലികോം ദാതാക്കളെ വിളിച്ച് റദ്ദാക്കണമെന്നും നിർദ്ദേശമുണ്ട്.

മാതാപിതാക്കൾ തങ്ങളുടെ പേരിൽ എടുത്ത സിം കാർഡുകൾ കൃത്യമായി നിരീക്ഷിക്കണമെന്നും കുടുംബാംഗങ്ങൾ മാത്രം അവ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. രജിസ്റ്റർ ചെയ്ത സിം കാർഡുകൾ കൃത്യമായി പരിശോധിക്കുന്നത് തട്ടിപ്പുകൾ തടയാനും വ്യക്തിഗത സുരക്ഷ ഉറപ്പാക്കാനും സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടത്തിന് സഹായിക്കുമെന്നും കേണൽ ഡോ. ഒസാമ ബഹർ വ്യക്തമാക്കി.

Tags:    
News Summary - സ്വന്തം പേരിലുള്ള സിം കാർഡുകൾ മറ്റുള്ളവർക്ക് നൽകരുത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.