മനാമ: ജി.സി.സി. രാജ്യങ്ങളിലെ സായുധ സേനകളുടെ പങ്കാളിത്തത്തോടെയുള്ള ‘ബഹ്‌റൈൻ ഷീൽഡ്’ സംയുക്ത സൈനികാഭ്യാസത്തിന് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് (ബി.ഡി.എഫ്) തുടക്കം കുറിച്ചു. വ്യാഴാഴ്ച വരെയാണ് ഈ സൈനികാഭ്യാസം നടക്കുന്നത്.
സൈനിക സഹകരണം ശക്തിപ്പെടുത്തുക, വിദഗ്ധ വിവരങ്ങൾ പരസ്പരം കൈമാറുക, സംയുക്ത പ്രവർത്തന സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തുക എന്നിവയാണ് ഈ അഭ്യാസപ്രകടനത്തിലൂടെ ബി.ഡി.എഫിന്‍റെ പ്രധാന ലക്ഷ്യങ്ങൾ. പോരാട്ട വീര്യം വർധിപ്പിക്കുക, പ്രവർത്തന ശേഷി വികസിപ്പിക്കുക, സംയുക്ത പ്രവർത്തനങ്ങൾക്കായുള്ള ആസൂത്രണം ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് ജി.സി.സി. സേനകൾ ഇതിൽ പങ്കെടുക്കുന്നതെന്ന് ബി.ഡി.എഫ് പ്രസ്താവനയിൽ വ്യക്തമാക്കി. പങ്കെടുക്കുന്ന സേനകൾക്കിടയിൽ ഒരേ തരത്തിലുള്ള പ്രവർത്തന തന്ത്രങ്ങൾ രൂപീകരിക്കാനും, പൊതുവായ വെല്ലുവിളികളെ നേരിടുന്നതിനുള്ള ഏകോപനം കൂടുതൽ ശക്തമാക്കാനും ഈ സൈനികാഭ്യാസം അവസരമൊരുക്കുമെന്നും അധികൃതർ അറിയിച്ചു. ആക്രമണങ്ങളെ പ്രതിരോധിക്കാനും ജി.സി.സി. രാജ്യങ്ങളുടെ സുരക്ഷയും പൗരന്മാരുടെയും ദേശീയ താല്പര്യങ്ങളുടെയും സുരക്ഷിതത്വം ഉറപ്പാക്കാനും സായുധ സേനകളെ പ്രാപ്തരാക്കുന്നതിനുള്ള ചുവടുവെപ്പാണ് ഈ സൈനികാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ ദിയാബ് ബിൻ സഖർ അൽ നുഐമി.
സൈനികാഭ്യാസം സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. മേഖലയിലുണ്ടായ ശത്രുതാപരമായ ആക്രമണങ്ങൾ ഗൾഫ് രാജ്യങ്ങളുടെ സംയുക്ത പ്രതിരോധ സഹകരണം കൂടുതൽ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് ഓർമ്മിപ്പിക്കുന്നതെന്നും ജി.സി.സി. രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനും പരമാധികാരത്തിന് മേലുള്ള ഭീഷണികളെ പ്രതിരോധിക്കുന്നതിനും കൂട്ടായ ഗൾഫ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പാണ് ഈ അഭ്യാസപ്രകടനമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.