മനാമ: രാജ്യത്തെ മത്സ്യത്തൊഴിലാളികൾ നേരിട്ട ഇന്ധനലഭ്യത പ്രശ്നങ്ങൾക്ക് പരിഹാരമായി മത്സ്യബന്ധന തുറമുഖങ്ങളിൽ അഞ്ച് പുതിയ ഇന്ധന സ്റ്റേഷനുകൾ തുറന്നു. ആവശ്യത്തിനുള്ള ഇന്ധനം ലഭ്യമാകാതിരിക്കുന്നത് തൊഴിലിനെ സാരമായി ബാധിക്കുന്നതിലെ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ രംഗത്തെത്തിയിരുന്നു. അതിനെതുടർന്നാണ് പരിഹാരമെന്നോണം അഞ്ച് ഇന്ധന സ്റ്റേഷനുകൾ തുറക്കാൻ അധികൃതർ നിർബന്ധിതരായത്. പാർലമെന്റിന്റെ സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്കിന്റെ വക്താവ് എം.പി ഖാലിദ് ബു അനക് ആണ് നടപടികൾക്ക് നേതൃത്വം നൽകിയത്. ദീർഘകാല ചർച്ചകൾക്ക് ശേഷം ഓയിൽ ആൻഡ് ഗ്യാസ് മന്ത്രാലയവുമായും ബാപ്കോ എനർജീസുമായും സഹകരിച്ചാണ് പുതിയ സ്റ്റേഷനുകൾ ആരംഭിച്ചതെന്ന് ഖാലിദ് ബു അനക് സ്ഥിരീകരിച്ചു. എന്നിരുന്നാലും 1,500 പ്രഫഷനൽ മത്സ്യത്തൊഴിലാളികളുടെയും ആയിരക്കണക്കിന് വിനോദ ബോട്ടുകളുടെയും ആവശ്യങ്ങൾ നിറവേറ്റാൻ അഞ്ച് സ്റ്റേഷനുകൾ മതിയാവില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
മത്സ്യത്തൊഴിലാളികൾ ഇന്ധനം ലഭിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നതായി പ്രഫഷനൽ ഫിഷർമെൻ സൊസൈറ്റിയും ശക്തമായി അറിയിച്ചിരുന്നു. മിക്ക ഇന്ധന സ്റ്റേഷനുകളും മത്സ്യത്തൊഴിലാളികൾക്ക് ചെറിയ കണ്ടെയ്നറുകളിൽ നൽകുന്ന ഇന്ധനം ദൈനംദിന പ്രവർത്തനങ്ങൾക്ക് തികയുന്നില്ലെന്ന് ബു അനക് പറഞ്ഞു.പുതുതായി നിലവിൽ വന്ന അഞ്ച് സ്റ്റേഷനുകൾ ഒരു തുടക്കം മാത്രമാണെന്നും തൊഴിലാളികളുടെ ആവശ്യം നിറവേറ്റാനായി കൂടുതൽ പരിഹാരങ്ങൾക്കായി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷയുടെ ഭാഗമായി നോൺ-സ്റ്റിക്ക് കണ്ടെയ്നറുകൾ, പ്ലാസ്റ്റിക് കണ്ടെയ്നറുകൾ, എല്ലാത്തരം ഗ്ലാസ് കണ്ടെയ്നറുകൾ എന്നിവയിൽ ഇന്ധനം നിറക്കുന്നത് ഒഴിവാക്കാനും ഈ ആവശ്യത്തിനായി അംഗീകൃത ജെറി ക്യാനുകൾ പോലുള്ള കണ്ടെയ്നറുകൾ മാത്രം ഉപയോഗിക്കാനും അധികൃതരുടെ നിർദേശമുണ്ട്.രാജ്യത്തുടനീളമുള്ള ഇന്ധന സ്റ്റേഷനുകളിലേക്ക് പുറത്തിറക്കിയ ഒരു സർക്കുലർ പ്രശ്നം കൂടുതൽ വഷളാക്കിയിട്ടുണ്ട്. ഇത് പ്ലാസ്റ്റിക്, ഗ്ലാസ് അല്ലെങ്കിൽ നിലവാരമില്ലാത്ത കണ്ടെയ്നറുകളിൽ ഇന്ധനം നിറക്കുന്നത് നിരോധിക്കുന്നു.അംഗീകൃത ജെറി ക്യാനുകൾക്ക് മാത്രമേ അനുമതിയുള്ളൂ. ഇത് മത്സ്യത്തൊഴിലാളികൾക്ക് കാര്യക്ഷമമായി ഇന്ധനം നിറക്കാനുള്ള കഴിവ് കൂടുതൽ പരിമിതപ്പെടുത്തുന്നു. ചെമ്മീൻപിടിത്തം നിരോധിക്കുന്നതുൾപ്പെടെ സമുദ്ര നിയന്ത്രണങ്ങളിൽ മത്സ്യത്തൊഴിലാളികളുമായി മികച്ച കൂടിയാലോചനകളും കൂടുതൽ പ്രായോഗികവും ശാസ്ത്രീയവുമായ സമീപനവും ആവശ്യപ്പെട്ടിട്ടുണ്ട്. മതിയായ വിവരങ്ങളോ ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങളോ ഇല്ലാതെയാണ് പല നിരോധനങ്ങളുമെന്ന് പലരും അവകാശപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.