മരുഭൂമിയിൽ പൂവിട്ട സൗഹൃദങ്ങൾ; ഒന്നര പതിറ്റാണ്ടിന്റെ പ്രവാസ സ്മരണകളുമായി രാജീവ് നാവായിക്കുളം നാട്ടിലേക്ക്

​മനാമ: ഓർമകളുടെ വലിയൊരു ഭാണ്ഡക്കെട്ടുമായി രാജീവ് നാവായിക്കുളം വിമാനം കയറുകയാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലം കൂടെക്കൂട്ടിയ ആത്മബന്ധങ്ങൾക്ക് വിടചൊല്ലി തിരുവനന്തപുരം നാവായിക്കുളം സ്വദേശി രാജീവ് ഇനി നാടിൻ്റെ പച്ചപ്പിലേക്ക് മടങ്ങുന്നു.

​വെറുമൊരു പ്രവാസി എന്നതിലുപരി ബഹ്റൈനിൽ രാജീവ് ഒരു സാംസ്കാരിക മുഖം കൂടിയായിരുന്നു. പ്രവാസി വെൽഫെയറിൻ്റെ തുടക്കകാലം മുതൽ എക്സിക്യൂട്ടീവ് അംഗമായ രാജീവ് സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. ബഹ്റൈനിലെ പ്രമുഖ കമ്പനിയായ അൽമൊയ്തിൽ എയർകണ്ടീഷൻ സെക്ഷനിലെ സൈറ്റ് സ്റ്റോർ കീപ്പർ ആയാണ് രാജീവ് ജോലി ചെയ്തിരുന്നത്. ബഹ്റൈനിലെ പ്രവാസത്തിന് മുൻപ് യു.എ.ഇയിലും ജോലി ചെയ്തിരുന്ന രാജീവിന് പ്രവാസം ജീവിതത്തിന്റെ വലിയൊരു ഭാഗം തന്നെയാണ്. ജോലിത്തിരക്കുകൾക്കിടയിലും രാജീവിലെ കലാകാരൻ എന്നും ഉണർന്നിരുന്നു. ഗൾഫ് മാധ്യമം ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം കുറിച്ച കഥകളും കവിതകളും പ്രവാസത്തിന്റെ നൊമ്പരവും പ്രതീക്ഷയും വിളിച്ചോതുന്നവയായിരുന്നു. അക്ഷരങ്ങളോടുള്ള ആ പ്രണയം എഴുത്തിൽ മാത്രം ഒതുങ്ങിയില്ല, പ്രവാസി വെൽഫെയറിന് വേണ്ടി നാടകം രചിച്ചും സംവിധാനം ചെയ്തും അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു.

"ബഹ്റൈൻ എനിക്ക് തന്നത് ഒരിക്കലും മറക്കാത്ത സൗഹൃദങ്ങളാണ്. ഇവിടുത്തെ ജീവിതം ഒരു വലിയ പാഠപുസ്തകമായിരുന്നു" നാട്ടിലേക്ക് മടങ്ങുന്നതിന്റെ ആവേശത്തിനിടയിലും രാജീവ് അല്പം വികാരാധീനനായി. നാട്ടിലെത്തിയാലും തന്റെ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾ അവിടെയുള്ള പൊതുവേദികളിൽ തുടരാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

കുടുംബത്തിന്റെ പൂർണ പിന്തുണയാണ് രാജീവിന്റെ കരുത്ത്. ഭാര്യ ജ്യോതിയും ജർമ്മനിയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ മകൻ നിധിരാജും അദ്ദേഹത്തിന്റെ മടക്കയാത്രയ്ക്കായി കാത്തിരിക്കുന്നു. പ്രവാസത്തിന്റെ കനൽവഴികൾ താണ്ടി സ്വന്തം മണ്ണിലേക്ക് പ്രതീക്ഷകളോടെയാണ് രാജീവ് മടങ്ങുന്നത്.

Tags:    
News Summary - Friendships that blossomed in the desert; Rajiv Navaikulam returns home with memories of a decade and a half in exile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.