മനാമ: മൂല്യാധിഷ്ഠിതവും സമഗ്രവുമായ വിദ്യാഭ്യാസത്തിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാവുക എന്ന് ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തക സഫിയ അഹമ്മദ് അൽ കൂഹിജി അഭിപ്രായപ്പെട്ടു. ‘നവലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക്’ എന്ന തലക്കെട്ടിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കേവലമായ ഭൗതിക നേട്ടങ്ങൾക്കുള്ളതായിരിക്കുന്നു പുതിയ കാലത്തെ കരിക്കുലവും നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയും. മനുഷ്യരിൽ മൂല്യങ്ങളും നന്മകളും പ്രസരിപ്പിക്കാൻ സഹായകമായ അറിവാണ് വിദ്യാഭ്യാസത്തിലൂടെ നമ്മുടെ പുതിയ തലമുറക്ക് ലഭിക്കേണ്ടത്. നാഗരികതകളുടെ നിർമാണത്തിൽ പങ്കുവഹിച്ച സ്ത്രീകളുടെ അനുഭവങ്ങൾ പുതിയ തലമുറക്ക് പറഞ്ഞു പഠിപ്പിക്കേണ്ടത് അനിവാര്യമാണ്. അതിൽ നിന്നും പ്രചോദനം ഉൾക്കൊള്ളാൻ മക്കളെ പ്രേരിപ്പിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. സഫിയ കൂഹിജിക്കുള്ള ഉപഹാരം വനിത വിഭാഗം പ്രസിഡന്റ് സക്കീന അബ്ബാസ് നൽകി. പ്രമുഖ മോട്ടിവേഷനൽ സ്പീക്കർ ശബരിമാല, ട്വീറ്റ് ചെയർപേഴ്സൻ എ. റഹ്മത്തുന്നിസ എന്നിവർ മുഖ്യാതിഥികളായിരുന്നു. സക്കീന അബ്ബാസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷൈമില നൗഫൽ സ്വാഗതവും സമ്മേളന ജനറൽ കൺവീനർ സൗദ പേരാമ്പ്ര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.