മനാമ: ബഹ്റൈനിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ഫൗലാത്ത് ഹോൾഡിംഗ് തങ്ങളുടെ ഉൽപാദന പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥയെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച പ്ലാന്‍റുകൾ, സുരക്ഷാ മുൻകരുതലുകൾ കർശനമാക്കിയ ശേഷമാണ് വീണ്ടും തുറന്നത്.
പ്രഖ്യാപിച്ച ഫോഴ്സ് മജ്യൂറും കമ്പനി റദ്ദാക്കിയിട്ടുണ്ട്. ആഭ്യന്തരമായ സുരക്ഷാ വിലയിരുത്തലുകൾക്കും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അധിക നടപടികൾക്കും ശേഷമാണ് പ്രവർത്തനങ്ങൾ തുടങ്ങാൻ തീരുമാനിച്ചത്. സർക്കാർ അധികൃതരുമായി ചേർന്ന് നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ നീക്കം. ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടുള്ള ഉത്തരവാദിത്തപരമായ നടപടിയായിരുന്നു താൽക്കാലിക സ്റ്റോപ്പേജ് എന്ന് കമ്പനി വ്യക്തമാക്കി.
കമ്പനിയുടെ ഫാക്ടറികളെക്കുറിച്ച് പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ ഫൗലാത്ത് നിഷേധിച്ചു. തങ്ങളുടെ എല്ലാ സൗകര്യങ്ങളും ജീവനക്കാരും പൂർണ സുരക്ഷിതരാണെന്നും പ്ലാന്‍റുകൾക്ക് യാതൊരുവിധ നാശനഷ്ടങ്ങളും സംഭവിച്ചിട്ടില്ലെന്നും മാനേജ്‌മെന്‍റ് അറിയിച്ചു.
ഹുർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ട സാഹചര്യത്തിലും, ആഗോള ഉപഭോക്താക്കൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനും പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് പ്രസ്താവനയിൽ പറഞ്ഞു. മേഖലയിലെ സംഭവവികാസങ്ങൾ കമ്പനി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.