മനാമ: ഹോട്ടലിലെ നീന്തൽക്കുളത്തിലേക്ക് കുട്ടികളെ എടുത്തെറിഞ്ഞതിന് വിദേശി പൗരന് മൂന്നുമാസം തടവ് ശിക്ഷ. സൗദിയിൽ ജോലി ചെയ്യുന്ന അമേരിക്കൻ പൗരനെതിരെയാണ് നടപടി. ബഹ്റൈനിൽ വാരാന്ത്യം ആഘോഷിക്കാനെത്തിയതായിരുന്നു പ്രതി. ബഹ്റൈനിലെ ലോവർ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. കുട്ടികളെ അപകടത്തിലാക്കി എന്ന കുറ്റത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്തുമെന്നും കോടതി അറിയിച്ചു. തടവുശിക്ഷക്ക് പകരം മറ്റ് ശിക്ഷകൾ നൽകണമെന്ന പ്രതിയുടെ അപ്പീൽ സുപ്രീം ക്രിമിനൽ അപ്പീൽ കോടതി തള്ളിയിരുന്നു. സാമൂഹിക സേവനം, വീട്ടുതടങ്കൽ, പുനരധിവാസം, പരിശീലന പരിപാടികൾ തുടങ്ങിയവയാണ് ബദൽ ശിക്ഷകൾ.
മദ്യപിച്ചതിന് ശേഷമാണ് പ്രതി കുട്ടികളുമായി കളിച്ചത്. ഹോട്ടലിലെ പൂളിന്റെ ആഴം കുറഞ്ഞ ഭാഗത്ത് ഇരിക്കുകയായിരുന്ന ഇയാൾ നാല് കുട്ടികളെ പൂളിലേക്ക് എടുത്തെറിയുകയായിരുന്നു. ഇതിൽ നാല് വയസ്സുകാരനായ ഒരു കുട്ടിക്ക് നീന്താൻ അറിയാത്തതിനാൽ വെള്ളത്തിൽ മുങ്ങിപ്പോയി. തുടർന്ന് പ്രതി തന്നെ വെള്ളത്തിൽ ചാടി കുട്ടിയെ രക്ഷിക്കുകയായിരുന്നു.
കുട്ടികളുടെ സമ്മതമില്ലാതെയാണ് പ്രതി അവരെ ഓരോരുത്തരെയായി പൂളിലേക്ക് എറിഞ്ഞതെന്നാണ് ദൃക്സാക്ഷി പറഞ്ഞത്. കുട്ടികളെ അപകടത്തിലാക്കിയെന്ന കുറ്റം ഇയാൾ നിഷേധിച്ചെങ്കിലും കോടതി ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.