മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു
ഭക്ഷ്യവസ്തുക്കളിലെ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ സർക്കാർ ആരോഗ്യഅധികാരികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു
മനാമ: കുട്ടികളിൽ ഹൈപ്പർ ആക്റ്റിവിറ്റിയും ശ്രദ്ധക്കുറവും ഉണ്ടാക്കാൻ സാധ്യതയുള്ള ഭക്ഷണത്തിൽ ചേർക്കുന്ന അസംസ്കൃത വസ്തുക്കളുടെ ഉപയോഗത്തിലെ ആശങ്കകൾ കണക്കിലെടുത്ത് കുട്ടികളുടെ ഭക്ഷണത്തിന്റെ പരിശോധന കർശനമാക്കുന്നു. ഭക്ഷ്യവസ്തുക്കളുടെ രുചി, നിറം, ഘടന, പോഷകമൂല്യം, കേടുകൂടാതെയിരിക്കാനുള്ള സംവിധാനം എന്നിവക്ക് വേണ്ടിയാണ് ഇത്തരത്തിലുള്ള വസ്തുക്കൾ ഭക്ഷണത്തിൽ ചേർക്കുന്നത്. ബഹ്റൈനിൽ അത്തരം ചില പദാർഥങ്ങൾ ഉപയോഗിക്കുന്നതിന് കർശന ഉപാധികളോടെ അംഗീകാരം നൽകുന്നുണ്ട്.
എന്നാൽ, ഇറക്കുമതി ചെയ്യുന്നതും പ്രാദേശികമായി ഉൽപാദിപ്പിക്കുന്നതുമായ എല്ലാ ഭക്ഷ്യവസ്തുക്കളും കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ ആരോഗ്യഅധികാരികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് വാണിജ്യ, വ്യവസായമന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു സ്ഥിരീകരിച്ചു.
ശൂറ കൗൺസിലിലെ വനിതാ-ശിശുസമിതി അധ്യക്ഷയുടെ പാർലമെന്റിലെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഹാനികരമായ അഡിറ്റീവുകൾ കുട്ടികളിലേക്ക് എത്തുന്നത് തടയാൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് അവർ വ്യക്തത തേടിയിരുന്നു. കുട്ടികളുടെയും കുടുംബങ്ങളുടെയും സുരക്ഷ രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.
ഓരോ ഭക്ഷ്യ ഉൽപ്പന്നവും സ്റ്റോറുകളുടെ ഷെൽഫുകളിൽ എത്തുന്നതിന് മുമ്പ് ദേശീയ, ഗൾഫ്, അന്താരാഷ്ട്ര നിലവാരങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യമന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രത്യാഘാതങ്ങളുണ്ടാക്കാൻ സാധ്യതയുള്ള അഡിറ്റീവുകളെക്കുറിച്ചുള്ള ആശങ്കകൾക്ക് മറുപടിയായി, ആവശ്യമെങ്കിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തയാറാണെന്നും മന്ത്രി സ്ഥിരീകരിച്ചു.
കൃത്രിമ നിറങ്ങൾ, ബെൻസോയേറ്റുകൾ, താലേറ്റുകൾ എന്നിവ പോലുള്ള അഡിറ്റീവുകൾ ഹോർമോണുകളെയും വളർച്ചയെയും പെരുമാറ്റത്തെയും മാനസികാവസ്ഥയെയും ബാധിക്കുമെന്നും അത് കുട്ടികളെ ദോഷകരമായി ബാധിക്കാമെന്നും ലോകമെമ്പാടുമുള്ള നിരവധി ആരോഗ്യവിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ഭക്ഷ്യസുരക്ഷ നിലനിർത്താനുള്ള ഉത്തരവാദിത്തം വ്യവസായ-വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ബഹ്റൈൻ നാഷനൽ സ്റ്റാൻഡേർഡ്സ് അതോറിറ്റിയിൽ നിന്നാണ് ആരംഭിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു.
ഈ അതോറിറ്റിയുടെ ഇൻസ്പെക്ഷൻ ആൻഡ് മെട്രോളജി ഡയറക്ടറേറ്റ്, ഗൾഫ്, പ്രാദേശിക, അന്തർദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായി പ്രാദേശിക മാനദണ്ഡങ്ങൾ വികസിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. കുട്ടികളുടെ ആരോഗ്യത്തിന് എപ്പോഴും മുൻഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.