മനാമ: ബഹ്റൈനിലെ ബ്യൂട്ടി സലൂൺ, സ്പാ ഉടമകൾക്കായി രാജ്യത്ത് ആദ്യമായി ഒരു പ്രഫഷനൽ അസോസിയേഷൻ സ്ഥാപിക്കുന്നതിന് സാമൂഹിക വികസന മന്ത്രാലയം ഔദ്യോഗികമായി അംഗീകാരം നൽകി. 'അസോസിയേഷൻ ഓഫ് ഓണേഴ്സ് ഓഫ് ബ്യൂട്ടി സലൂൺസ് ആൻഡ് സ്പാസ്' എന്ന പേരിലുള്ള സംഘടനയുടെ രൂപവത്കരണത്തിന് മന്ത്രി ഉസാമ അൽ അലവി പുറത്തിറക്കിയ ഉത്തരവ് കഴിഞ്ഞദിവസം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു.
ദേശീയ തലത്തിൽ സലൂൺ, സ്പാ ഉടമകളെ ഒരുമിപ്പിക്കുക, ഈ മേഖലയിലെ മികച്ച പ്രായോഗിക രീതികൾ പ്രോത്സാഹിപ്പിക്കുക, വ്യവസായത്തിലെ വെല്ലുവിളികളും അവസരങ്ങളും പരിഹരിക്കുന്നതിനായി കൂട്ടായ ശബ്ദമായി വർത്തിക്കുക എന്നിവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. പ്രഫഷനൽ വികസനം, നയരൂപവത്കരണത്തിലുള്ള പങ്കാളിത്തം, വ്യവസായ നിലവാരം ഉയർത്തൽ എന്നിവയിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1989ലെ സോഷ്യൽ, കൾചറൽ, സ്പോർട്സ് ക്ലബുകൾക്കും അസോസിയേഷനുകൾക്കുമുള്ള നിയമം, ഭേദഗതികൾ, കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം തടയൽ തുടങ്ങിയ അനുബന്ധ നിയമങ്ങൾ എന്നിവ പാലിച്ചാണ് ഈ സുപ്രധാന നീക്കം. സംഘടനക്ക് രാഷ്ട്രീയ പ്രവർത്തനങ്ങളിലോ സാമ്പത്തിക ഊഹക്കച്ചവടങ്ങളിലോ ഏർപ്പെടുന്നതിനോ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ വിദേശ സ്ഥാപനങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിനോ വിലക്കുണ്ട്.
ബ്യൂട്ടി സലൂണുകളിലും സ്പാകളിലും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, സലൂൺ, സ്പാ ഉടമകളുടെ താൽപര്യങ്ങൾ സംരക്ഷിക്കുക, പിന്തുണ നൽകുന്ന നയങ്ങൾ രൂപവത്കരിക്കുന്നതിനായി പൊതു, സ്വകാര്യ പങ്കാളികളുമായി സഹകരിക്കുക, മേഖലയുടെ സാമ്പത്തിക, സാമൂഹിക സംഭാവനകളെക്കുറിച്ച് പൊതുജന അവബോധം വർധിപ്പിക്കുക, തൊഴിൽപരമായ ആരോഗ്യ, സുരക്ഷാനിലവാരം ഉറപ്പാക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങൾ .
ഈ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനായി പ്രദർശനങ്ങളും പ്രമോഷണൽ പരിപാടികളും സംഘടിപ്പിക്കാനും വർക്ക്ഷോപ്പുകളും പരിശീലനങ്ങളും സമ്മേളനങ്ങളും നടത്താനും ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി സഹകരണ കരാറുകളിൽ ഏർപ്പെടാനും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാനും അസോസിയേഷന് സാധിക്കും.
അംഗങ്ങളാകുന്ന വ്യക്തികൾക്ക് കുറഞ്ഞത് 21 വയസ്സുണ്ടായിരിക്കണം, നിയമപരമായ കഴിവുള്ളവരായിരിക്കണം, ക്രിമിനൽ പശ്ചാത്തലമില്ലാത്തവരും നല്ല പെരുമാറ്റമുള്ളവരുമായിരിക്കണം. കൂടാതെ, ബഹ്റൈനിൽ ലൈസൻസുള്ള ബ്യൂട്ടി സലൂൺ അല്ലെങ്കിൽ സ്പാ സ്ഥാപനത്തിന്റെ സാധുതയുള്ള വാണിജ്യ രജിസ്ട്രേഷൻ (സി.ആർ) ഉണ്ടായിരിക്കണം. ഏഴ് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉൾപ്പെടുന്ന ബോർഡിന്റെ കാലാവധി രണ്ട് വർഷമാണ്. പൊതുസഭയിൽ രഹസ്യ ബാലറ്റിലൂടെയാണ് തെരഞ്ഞെടുപ്പ്. അസോസിയേഷൻ പിരിച്ചുവിടുകയാണെങ്കിൽ, എല്ലാ ബാധ്യതകളും തീർത്ത ശേഷം ശേഷിക്കുന്ന ആസ്തികൾ സമാന മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് അസോസിയേഷനുകൾക്ക് വിതരണം ചെയ്യും. വിതരണം സാധ്യമല്ലെങ്കിൽ, ഫണ്ട് സ്വീകരിക്കേണ്ട സാമൂഹിക സ്ഥാപനങ്ങളെ മന്ത്രാലയം തീരുമാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.