മനാമ: സർക്കാർ സ്കൂളിലെ ഇൻവോയ്സുകളിൽ തിരിമറി നടത്തി പൊതുപണം തട്ടിയെടുത്ത കേസിൽ വിദ്യാഭ്യാസ മന്ത്രാലയ ജീവനക്കാരനടക്കം മൂന്ന് പ്രതികളുടെ ശിക്ഷയിൽ ഇളവ് നൽകി അപ്പീൽ കോടതി. ഒന്നാം പ്രതിയായ മന്ത്രാലയ ജീവനക്കാരന് മുമ്പ് വിധിച്ച മൂന്ന് വർഷം തടവ് ഒരു വർഷമായി ചുരുക്കി. ഇയാൾ 1,570.900 ദീനാർ പിഴയടക്കുകയും ഇതേ തുക തിരികെ നൽകുകയും വേണം.
കേസിലെ മറ്റു രണ്ട് ഏഷ്യൻ സ്വദേശികളുടെ തടവുശിക്ഷ ആറ് മാസമായി കുറച്ച കോടതി, അവർക്കെതിരെയുള്ള നാടുകടത്തൽ ഉത്തരവ് റദ്ദാക്കി. പ്രതികൾ ദീർഘകാലമായി ബഹ്റൈനിൽ താമസിക്കുന്നവരാണെന്നും മുമ്പ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും പരിഗണിച്ചാണ് കോടതി ഇളവ് നൽകിയത്. നാടുകടത്തുന്നത് ഇവരുടെ കുടുംബങ്ങളെ ബാധിക്കുമെന്നും കുറ്റം രാജ്യസുരക്ഷക്ക് ഭീഷണിയല്ലെന്നും കോടതി നിരീക്ഷിച്ചു.
2019 മുതൽ 2024 വരെയുള്ള കാലയളവിൽ സ്കൂൾ ചെലവുകൾക്കായി വ്യാജ ബില്ലുകൾ നിർമിച്ച് 5000 ദീനാറിലധികം തട്ടിയെടുത്തെന്നാണ് കേസ്. രജിസ്ട്രേഷൻ റദ്ദാക്കിയ കമ്പനികളുടെ പേരിലും കമ്പ്യൂട്ടറിൽ നിർമിച്ച വ്യാജ രേഖകൾ ഉപയോഗിച്ചുമായിരുന്നു തട്ടിപ്പ്. മന്ത്രാലയത്തിന്റെ നിയമങ്ങൾ മറികടക്കാൻ വലിയ തുകകൾ ചെറിയ ഇൻവോയ്സുകളായി വിഭജിച്ച് കൈപ്പറ്റുകയായിരുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിശോധനാ സംഘം നടത്തിയ അന്വേഷണത്തിലാണ് ഈ സാമ്പത്തിക ക്രമക്കേട് പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.