മനാമ: പ്രവാസികളുടെയും എൻ.ആർ.ഐകളുടെയും നിയമാവകാശ സംരക്ഷണത്തിനായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ (പി.എൽ.സി) ഇറ്റലിയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇന്ന് ഓൺലൈൻ വഴി നടക്കുന്ന ചടങ്ങിൽ പ്രവാസി ലീഗൽ സെൽ ഇറ്റലി ചാപ്റ്റർ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. പ്രഫ. ജോസ് വട്ടക്കോട്ടയിൽ ഫിലിപ്പ് നേതൃത്വം നൽകുന്ന 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ഈ ചാപ്റ്റർ തുടക്കമാകും. ഇറ്റലിയിൽ കഴിയുന്ന പ്രവാസികൾ നേരിടുന്ന നിയമപ്രശ്നങ്ങൾ, അവകാശബോധവത്കരണം, മാനവിക ഇടപെടലുകൾ എന്നിവയാണ് ഇറ്റലി ചാപ്റ്ററിന്റെ പ്രധാന ലക്ഷ്യങ്ങൾ.
ഇറ്റലി ചാപ്റ്ററിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത് പ്രവാസി ലീഗൽ സെല്ലിന്റെ ആഗോള പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം ആണ്. അദ്ദേഹം ഇന്ത്യൻ സുപ്രീംകോടതിയിലെ അഡ്വക്കറ്റ്-ഓൺ-റെക്കോർഡായും പ്രവർത്തിച്ചുവരികയാണ്. പ്രവാസികളുടെ നിയമസംരക്ഷണത്തിന് ശക്തമായ ദിശാബോധം നൽകുന്നതിൽ അഡ്വ. ജോസ് എബ്രഹാം നിർണായക പങ്ക് വഹിച്ചുവരുന്നതായി പത്രക്കുറിപ്പിൽ പറയുന്നു.
പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി.ആർ.ഒയും ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്ത് ഇറ്റലി ചാപ്റ്ററിന്റെ രൂപീകരണം പ്രവാസി സമൂഹത്തിനുള്ള പി.എൽ.സിയുടെ ഉത്തരവാദിത്തബോധത്തിന്റെ തുടർച്ചയാണെന്ന് അറിയിച്ചു. വിവിധ രാജ്യങ്ങളിലായി നിയമസഹായം, അടിയന്തര മാനവിക ഇടപെടലുകൾ, എംബസികളുമായി സഹകരണം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ പി.എൽ.സി ഇതിനകം തന്നെ വിശ്വാസ്യത നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓൺലൈൻ പ്ലാറ്റ്ഫോം വഴി നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിലെ ഭാരവാഹികളും നിയമവിദഗ്ധരും സാമൂഹിക പ്രവർത്തകരും പങ്കെടുക്കും. പ്രവാസി ലീഗൽ സെൽ, ‘ന്യായം, മാനവികത, ഐക്യദാർഢ്യം’ എന്ന സന്ദേശത്തോടെ പ്രവാസികൾക്ക് ഒപ്പമുണ്ടെന്ന പ്രതിബദ്ധതയോടെ പ്രവർത്തനം തുടരുമെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.