ന്യൂ ഇന്ത്യൻ സ്കൂളിൽനടന്ന പ്രഥമ യുനെസ്കോ എക്സിബിഷൻ
മനാമ: ആരോഗ്യത്തെയും സന്തോഷത്തെയുംകുറിച്ചുള്ള സന്ദേശങ്ങൾ പങ്കുവെച്ചുകൊണ്ട് ബഹ്റൈനിലെ ന്യൂ ഇന്ത്യൻ സ്കൂളിൽ (എൻ.ഐ.എസ്) നടന്ന പ്രഥമ യുനെസ്കോ എക്സിബിഷൻ ശ്രദ്ധേയമായി. ‘എ ജേണി ത്രൂ ഹെൽത്ത് ആൻഡ് ഹാപ്പിനസ്’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഈ പ്രദർശനം ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം 3- ഗുഡ് ഹെൽത്ത് ആൻഡ് വെൽബീയിങ് എന്നതിന് അനുസൃതമായാണ് ഒരുക്കിയത്.
വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ഓഫ് ലൈസൻസിങ് ആൻഡ് ഫോളോ-അപ് ഓഫ് പ്രൈവറ്റ് സ്കൂൾസ് ഡയറക്ടർ ലുൽവ ഗസാൻ അൽ മുഹന്ന, സ്പോർട്സ് എജുക്കേഷൻ ഡിപ്പാർട്മെൻറ് ഡയറക്ടർ ഡോ. നാദർ മുഹമ്മദ് ജമാലി എന്നിവർ ചേർന്നാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. വിവിധ രാജ്യങ്ങളുടെ എംബസി പ്രതിനിധികളും വിദ്യാഭ്യാസരംഗത്തെ പ്രമുഖരും പങ്കെടുത്തത് പരിപാടിക്ക് മാറ്റുകൂട്ടി. ആരോഗ്യം, സന്തോഷം, പരിസ്ഥിതിയുടെ സുസ്ഥിരത എന്നിവയോടുള്ള വിദ്യാർഥികളുടെ പ്രതിബദ്ധത വിളിച്ചോതുന്നതായിരുന്നു പ്രദർശനങ്ങൾ.
പരിപാടിയുടെ പ്രധാന ആകർഷണം ‘എർത്ത് ടണൽ’ ആയിരുന്നു. മലിനീകരണത്തിന് മുമ്പും ശേഷവുമുള്ള ഭൂമിയെ ചിത്രീകരിച്ച ഈ മോഡൽ പരിസ്ഥിതിപരമായ ഉത്തരവാദിത്തത്തിന്റെ പ്രാധാന്യം ശക്തമായി ഊന്നിപ്പറഞ്ഞു.വിദ്യാർഥികളുടെ ഭാവനയെയും കൂട്ടായ പ്രവർത്തനങ്ങളെയും സ്കൂൾ മാനേജ്മെൻറ് പ്രശംസിച്ചു.
പ്രിൻസിപ്പൽ ഡോ.കെ. ഗോപിനാഥ് മേനോൻ, വിദ്യാർഥികളുടെ ക്രിയാത്മകതയെയും അധ്യാപകരുടെ സമർപ്പിത മാർഗനിർദേശങ്ങളെയും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.