മനാമ: അടുത്ത വർഷം നടക്കാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബഹ്റൈനിലുടനീളം ഇലക്ട്രോണിക് പരസ്യ സ്ക്രീനുകൾ സ്ഥാപിക്കാനുള്ള നിർദേശത്തിന് സതേൺ മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകി. പൊതു ആശയവിനിമയം നവീകരിക്കുന്നതിനും നഗര സൗന്ദര്യം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഈ സുപ്രധാന നീക്കത്തിന് കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫിന്റെ പ്രമേയം ഐകകണ്ഠ്യേനയാണ് അംഗീകരിച്ചത്. പാർലമെന്റ്, മുനിസിപ്പൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായും ഈ സ്ക്രീനുകൾ ഉപയോഗിക്കും. കൂടാതെ വാണിജ്യ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിലൂടെ പുതിയ സാമ്പത്തിക അവസരങ്ങളും തുറക്കും.
ഡിജിറ്റൽ മീഡിയയുടെ വർധിച്ചുവരുന്ന പ്രാധാന്യത്തെ ഈ പദ്ധതി അടിവരയിടുന്നു. പൗരന്മാരുമായുള്ള ആശയവിനിമയത്തെ സാങ്കേതിക നവീകരണവുമായി സംയോജിപ്പിക്കുന്ന ഒരു ദീർഘവീക്ഷണമാണ് ഈ പ്രോജക്ടെന്നും ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫ് പറഞ്ഞു. ഉള്ളടക്കം വേഗത്തിൽ അപ്ഡേറ്റ് ചെയ്യാനുള്ള കഴിവാണ് ഡിജിറ്റൽ സ്ക്രീനുകളുടെ ഏറ്റവും വലിയ നേട്ടം. സന്ദേശങ്ങൾ തത്സമയം ക്രമീകരിക്കാനും ആകർഷകമായ ദൃശ്യങ്ങളിലൂടെ പൊതുജന ശ്രദ്ധ നേടാനും ഇത് സഹായിക്കും.
ബഹ്റൈനിലും ജി.സി.സിയിലും ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിതെന്ന് സർവിസസ് ആൻഡ് പബ്ലിക് യൂട്ടിലിറ്റീസ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇത് സ്മാർട്ട് അഡ്വർടൈസിങ് സാങ്കേതികവിദ്യകളെ പൗര-വാണിജ്യ ജീവിതവുമായി സമന്വയിപ്പിക്കുന്നതിൽ ഒരു പ്രാദേശിക മാതൃക സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിലവിലുള്ള അഡ്വർടൈസിങ് കമ്മിറ്റി, മുനിസിപ്പാലിറ്റീസ് ആൻഡ് അഗ്രികൾച്ചർ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്ഥാപനമാണ് ഈ സംരംഭത്തെ നിയന്ത്രിക്കുക.
ഈ നിർദേശം മുനിസിപ്പാലിറ്റീസ് കാര്യ-കൃഷി മന്ത്രി വഈൽ അൽ മുബാറക്കിന്റെ അവലോകനത്തിനായി കൈമാറിയിരിക്കുകയാണ്. അംഗീകരിക്കുകയാണെങ്കിൽ, ഇലക്ട്രോണിക് സ്ക്രീനുകളുടെ സ്ഥാപനം 2026ൽ ആരംഭിക്കാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.