മനാമ: ബഹ്റൈനിലെ ചരിത്രപ്രധാനമായ വാണിജ്യ കേന്ദ്രമായ മുഹറഖ് സൂഖ് നേരിടുന്ന അടിസ്ഥാന സൗകര്യ പരിമിതികളും പാർക്കിങ് ക്ഷാമവും മുഹറഖ് മുനിസിപ്പൽ കൗൺസിലിന്റെ പന്ത്രണ്ടാമത് സാധാരണ യോഗത്തിൽ വീണ്ടും സജീവ ചർച്ചയായി. പ്രശ്നപരിഹാരത്തിനായി അവതരിപ്പിച്ച നിർദേശങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി വിഷയം പഠന സമിതിയുടെ പുനഃപരിശോധനക്കു വിടാൻ യോഗം തീരുമാനിച്ചു.
മുഹറഖ് സൂഖിലെ തിരക്കും പാർക്കിങ് സൗകര്യമില്ലായ്മയും കച്ചവടക്കാരെയും സന്ദർശകരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യത്തിലാണ് കൗൺസിൽ അംഗങ്ങൾ വിഷയത്തിൽ ഇടപെട്ടത്. പ്രശ്നം എല്ലാവർക്കും അറിയാമെങ്കിലും അത് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് മുനിസിപ്പൽ അംഗം ഫാദിൽ അൽ ഔദ് വിമർശിച്ചു. കേവലം താൽക്കാലികമായ മാറ്റങ്ങൾ വരുത്തുന്നത് പ്രശ്നത്തിന് പരിഹാരമാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച്, നിർദേശിക്കപ്പെട്ട മാറ്റങ്ങൾ ചരിത്രപ്രധാനമായ ഈ വാണിജ്യ മേഖലയെ എങ്ങനെ ബാധിക്കുമെന്ന് കൂടുതൽ ആഴത്തിൽ പഠിക്കേണ്ടതുണ്ടെന്ന് കൗൺസിൽ വിലയിരുത്തി. വിശദമായ റിപ്പോർട്ട് തയാറാക്കുന്നതിനായി മുഹറഖ് സൂഖ് ഫയൽ ബന്ധപ്പെട്ട പഠന സമിതിക്ക് കൈമാറി. അടിസ്ഥാന സൗകര്യങ്ങളിൽ മാറ്റം വരുത്തുന്നതിന് മുമ്പ് നിയമപരവും സാങ്കേതികവുമായ വശങ്ങൾ പരിശോധിക്കുന്ന പാർലമെന്ററി രീതി പിന്തുടരാനാണ് കൗൺസിൽ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.