മനാമ: ബഹ്റൈനിൽ ഫ്രീലാൻസർമാർക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും സാമൂഹിക ഇൻഷുറൻസ് നിർബന്ധമാക്കാനുള്ള നിർദേശത്തിന് പാർലമെന്റ് ഏകകണ്ഠമായി അംഗീകാരം നൽകി.
നിലവിൽ എംപ്ലോയ്മെന്റ് കരാറുകൾക്ക് കീഴിൽ ജോലി ചെയ്യുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഇൻഷുറൻസ് പരിരക്ഷയാണ് ഇപ്പോൾ ഫ്രീലാൻസർമാരിലേക്കും വ്യാപിപ്പിക്കുന്നത്. ചെറുകിട ബിസിനസ് ഉടമകൾ, കരകൗശല തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, ഡ്രൈവിങ് ഇൻസ്ട്രക്ടർമാർ തുടങ്ങിയവർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. സ്വയംതൊഴിൽ ചെയ്യുന്നവർക്കും നിർബന്ധിത ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതോടെ, വാർധക്യ കാലത്ത് പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാൻ ഇവർക്കും അർഹതയുണ്ടാകും. സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷന്റെ (എസ്.ഐ.ഒ) ബോർഡ് അംഗീകാരം ലഭിച്ചശേഷം, ബന്ധപ്പെട്ട മന്ത്രി നിശ്ചയിക്കുന്ന പ്രത്യേക വിഭാഗങ്ങൾക്കായിരിക്കും തുടക്കത്തിൽ ഈ നിയമം ബാധകമാവുക.
എം.പിമാരായ മറിയം അൽ സായെഗ്, നജീബ് അൽ കുവാരി, ഹസൻ ഇബ്രാഹിം, ജമീൽ മുല്ല ഹസൻ, മുഹമ്മദ് മൂസ എന്നിവർ സമർപ്പിച്ച നിർദേശമാണ് പാർലമെന്റ് അംഗീകരിച്ചത്. പലരും 60 വയസ്സ് തികയുമ്പോഴേക്കും പെൻഷൻ ആനുകൂല്യങ്ങളോ ഇൻഷുറൻസ് രേഖകളോ ഇല്ലാതെ സാമ്പത്തിക ബുദ്ധിമുട്ടിലാകുന്നത് ഒഴിവാക്കാൻ ഈ നിയമം സഹായിക്കുമെന്ന് മറിയം അൽ സായെഗ് ചൂണ്ടിക്കാട്ടി. ഈ പദ്ധതി സർക്കാർ ബജറ്റിന് അധിക ബാധ്യതയുണ്ടാക്കില്ലെന്നും നിലവിലുള്ള ഇൻഷുറൻസ് ഫണ്ടിലെ മിച്ചം ഉപയോഗിച്ച് ഇത് കാര്യക്ഷമമായി നടപ്പിലാക്കാൻ കഴിയുമെന്നും പാർലമെന്റ് വിലയിരുത്തി. നിർദേശം തുടർ അനുമതിക്കായി മേൽകമ്മിറ്റിക്ക് അയച്ചിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.