മനാമ: ലഹരിവസ്തുക്കൾ കൈവശം വെച്ചതിനും വിൽപന നടത്തിയതിനും പിടിയിലായ 25 കാരനായ പ്രവാസി യുവാവിന് അഞ്ച് വർഷത്തെ തടവും 3000 ദീനാർ പിഴയും ശിക്ഷ വിധിച്ച് കോടതി. പാകിസ്താൻ സ്വദേശിയായ പ്രതിയെ ശിക്ഷ കാലാവധിക്കുശേഷം നാടുകടത്തണമെന്ന് ഹൈക്രിമിനൽ കോടതി വിധിച്ചു. കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം.
ഉമ്മു ഹസമിലെ താമസമേഖലയിൽ സംശയാസ്പദമായ രീതിയിൽ പ്രതിയെ പൊലീസുകാരനായ സ്വദേശി പൗരനാണ് കണ്ടത്. ഒരു വീടിന്റെ എ.സിയുടെ താഴ് ഭാഗത്ത് എന്തോ ഒരു വസ്തു വെച്ച് ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു പ്രതി. തന്നെ കണ്ടപ്പോൾ വെപ്രാളപ്പെട്ട് ബൈക്കിൽ കയറി ഓടിക്കാൻ ശ്രമിച്ച പ്രതിയുടെ ബൈക്ക് മതിലിലിടിച്ച് ഡെലിവറി ബോക്സ് നിലത്തുവീഴുകയും ചെയ്തു. എന്നാൽ, പ്രതി ആ സമയം രക്ഷപ്പെട്ടിരുന്നു. ശേഷം ഞാൻ ഉടനെ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തെന്ന് സ്വദേശി പൗരൻ വ്യക്തമാക്കി.
പൊലീസിന്റെ പരിശോധനയിൽ ആ ബാഗിൽനിന്നും എ.സിയുടെ ദ്വാരത്തിൽനിന്നും ഷാബു എന്നറിയപ്പെടുന്ന ക്രിസ്റ്റൽ മെത്ത് കണ്ടെടുക്കുകയായിരുന്നു. കൂടാതെ ഡെലിവറി ബോക്സിൽനിന്ന് ഭക്ഷണവും ബില്ലും കണ്ടെത്തിയിരിന്നു. പിന്നീട് കൃത്യം ഒരു മാസത്തിന് ശേഷമാണ് പ്രതിയെ ഹമലയിൽനിന്ന് പിടികൂടിയത്. ചോദ്യം ചെയ്യലിൽ, ഭക്ഷണ വിതരണ കമ്പനിക്കുവേണ്ടി മാത്രമല്ല, മയക്കുമരുന്ന് വിൽപനക്കാരന് സഹായിയായും പ്രവർത്തിച്ചതായി സമ്മതിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.