കാറുകളിൽ പെർഫ്യൂമുകളും മറ്റും സൂക്ഷിക്കരുത്; കനത്ത ചൂടിൽ വൻ അപകടസാധ്യതയെന്ന് മുന്നറിയിപ്പ്

മനാമ: കനത്ത വേനൽച്ചൂടിൽ കാറിനുള്ളിൽ പെർഫ്യൂമുകളോ ഡിയോഡറന്റുകളോ സൂക്ഷിക്കുന്നത് വൻ അപകടത്തിന് കാരണമാകുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഉയർന്ന താപനില കാരണം ഇത്തരം വസ്തുക്കൾ പൊട്ടിത്തെറിച്ച് തീപിടിക്കാൻ സാധ്യതയുണ്ടെന്ന് ഹിദ്ദ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹർ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ അൽ അമാൻ സോഷ്യൽ മീഡിയ പ്രോഗ്രാമിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പുറത്ത് 35 ഡിഗ്രി സെൽഷ്യസ് ചൂടാണെങ്കിൽ, 15 മുതൽ 30 മിനിറ്റിനുള്ളിൽ കാറിനുള്ളിലെ താപനില 15 ഡിഗ്രി വർധിച്ച് 50 ഡിഗ്രി ആയിമാറും. അരമണിക്കൂറിനുള്ളിൽ ഇത് വീണ്ടും ഉയർന്ന് 70 ഡിഗ്രി സെൽഷ്യസിലെത്താം. പുറത്തെ താപനില 40 അല്ലെങ്കിൽ 50 ഡിഗ്രി ആണെങ്കിൽ കാറിനുള്ളിലെ ചൂട് 85 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്.

പെർഫ്യൂമുകളിൽ ഉയർന്ന അളവിൽ കത്തുന്ന ആൽക്കഹോൾ അടങ്ങിയിരിക്കുന്നതിനാലും അവ ഉയർന്ന സമ്മർദ്ദത്തിൽ പാക്ക് ചെയ്തിരിക്കുന്നതതിനാലും കടുത്ത ചൂടിൽ കുപ്പികൾ പൊട്ടാനോ ചോരാനോ തീപിടിക്കാനോ സാധ്യതയേറെയാണ്. കൂടാതെ പെർഫ്യൂം കുപ്പികൾ വാഹനത്തിനുള്ളിൽ ഒരു കോൺകേവ് ലെൻസായി പ്രവർത്തിച്ച് പ്രകാശത്തെ ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുകയും, ഇത് ചൂട് വർധിപ്പിച്ച് തീപിടുത്തത്തിന് കാരണമാവുകയും ചെയ്യും.

പെർഫ്യൂമുകൾക്ക് പുറമെ ലൈറ്ററുകൾ, എയറോസോൾ കാനുകൾ, പവർ ബാങ്കുകൾ, തകരാറുള്ള ഫോൺ ചാർജറുകൾ, ഹാൻഡ് സാനിറ്റൈസറുകൾ, പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ, ഗ്ലാസ് കുപ്പികൾ, ഇന്ധന കാനുകൾ എന്നിവയും കാറിനുള്ളിൽ സൂക്ഷിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. വാഹനം ഓടിക്കുന്നതിനിടയിൽ തീപിടുത്തമുണ്ടായാൽ ഉടൻ തന്നെ വാഹനം സുരക്ഷിതമായി റോഡരികിൽ നിർത്തി എൻജിൻ ഓഫ് ചെയ്യുക. ഉടൻ പുറത്തിറങ്ങി സുരക്ഷിത അകലം പാലിച്ച ശേഷം 999-ൽ വിളിച്ച് അധികാരികളെ വിവരം അറിയിക്കുക. പെട്ടെന്ന് ഓക്സിജൻ പ്രവേശിക്കുന്നത് തീയുടെ വ്യാപ്തി കൂട്ടുമെന്നതിനാൽ ഈ സമയത്ത് കാറിന്റെ ബോണറ്റ് തുറക്കരുത്. 

Tags:    
News Summary - Don't keep perfumes and other items in cars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-08-28 06:56 GMT