അമേരിക്കൻ ക്രിയേറ്റിവിറ്റി അക്കാദമി പൂട്ടിയ സംഭവം; 80 ശതമാനം വിദ്യാർത്ഥികളെയും മറ്റ് സ്കൂളുകളിലേക്ക് മാറ്റി
മനാമ: ഹിദ്ദിലെ സ്വകാര്യ സ്കൂളായ അമേരിക്കൻ ക്രിയേറ്റിവിറ്റി അക്കാദമിയുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായ വിദ്യാർത്ഥികളിൽ 80 ശതമാനത്തോളം പേരെയും ഇതിനകം മറ്റ് സ്കൂളുകളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ബാക്കിയുള്ള വിദ്യാർത്ഥികളുടെ പുനർവിന്യാസ നടപടികളും ഉടൻ തന്നെ സുഗമമായി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്കൂളിന്റെ ലൈസൻസ് റദ്ദാക്കാനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനത്തെ 'സ്ട്രെറ്റജിക് തിങ്കിംഗ് ബ്ലോക്ക്' വക്താവും എം.പിയുമായ ഖാലിദ് ബു അനക് സ്വാഗതം ചെയ്തു. വലിയ പ്രയാസങ്ങളിൽ നിന്നും അനിശ്ചിതത്വങ്ങളിൽ നിന്നും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സംരക്ഷിക്കാൻ മന്ത്രാലയത്തിന്റെ ഈ കൃത്യസമയത്തെ ഇടപെടലിന് സാധിച്ചതായി അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് സ്കൂൾ മാനേജ്‌മെന്റ് തന്നെയാണ് സ്ഥാപനം അടച്ചുപൂട്ടാൻ അനുമതി തേടിയത്. പുതിയ അക്കാദമിക് വർഷത്തേക്ക് ഇരുനൂറിൽ താഴെ വിദ്യാർത്ഥികൾ മാത്രമാണ് സ്കൂളിൽ പ്രവേശനം നേടിയിരുന്നത്. സ്കൂൾ അടച്ചുപൂട്ടുന്നതിന് മുന്നോടിയായി രക്ഷിതാക്കളിൽ നിന്ന് ശേഖരിച്ച മുഴുവൻ ഫീസും തിരികെ നൽകണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം മാനേജ്‌മെന്റിനോട് കർശനമായി നിർദ്ദേശിച്ചിരുന്നു.
ക്ലാസുകൾ ആരംഭിച്ച ശേഷം വിദ്യാർത്ഥികളും രക്ഷിതാക്കളും ബുദ്ധിമുട്ടിലാകുന്നത് ഒഴിവാക്കാൻ പുതിയ അക്കാദമിക് വർഷം തുടങ്ങുന്നതിന് മുൻപ് തന്നെ സ്കൂളിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. വിദ്യാർത്ഥികളുടെ ഭാവി മുൻനിർത്തിയുള്ള മന്ത്രാലയത്തിന്റെ തീരുമാനം തികച്ചും അനുയോജ്യമാണെന്നും സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്ക് വിഷയം തുടർച്ചയായി നിരീക്ഷിച്ചു വരികയാണെന്നും എം.പി ഖാലിദ് ബു അനക് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.