മനാമ: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് പ്രവാസലോകവും. രാഷ്ട്രീയ ഭേദമന്യേ, എല്ലാവിഭാഗം ജനങ്ങളുടെയും ആദരവ് ഏറ്റുവാങ്ങിയ നേതാവായിരുന്നു അദ്ദേഹമെന്ന് വിവിധ സംഘടനകളും കൂട്ടായ്മകളും അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ആഭ്യന്തര, വിനോദസഞ്ചാര മന്ത്രി എന്ന നിലയിലും സി.പി.എം സംസ്ഥാന സെക്രട്ടറി എന്ന നിലയിലും അദ്ദേഹത്തിന്റെ സേവനങ്ങൾ വിലപ്പെട്ടതാണെന്നും പ്രവാസലോകത്തെ പ്രമുഖർ അനുസ്മരിച്ചു.
എല്ലാവരുടെയും ആദരവ് ഏറ്റുവാങ്ങിയ നേതാവ് -പി.വി. രാധാകൃഷ്ണപ്പിള്ള
മനാമ: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ ബഹ്റൈൻ കേരളീയസമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപ്പിള്ള അനുശോചിച്ചു. നിയമസഭാംഗമെന്ന നിലയിലും മന്ത്രിയെന്നനിലയിലും അദ്ദേഹം സംസ്ഥാനത്തിന്റെ വികസനത്തിനുവേണ്ടി അക്ഷീണം പ്രയത്നിച്ച നേതാവായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാവായ അദ്ദേഹം രാഷ്ട്രീയ, ഭരണരംഗത്ത് തന്റേതായ മുദ്രപതിപ്പിച്ചാണ് വിടവാങ്ങുന്നത്. സൗമ്യതയോടെയും സമചിത്തതയോടെയും പ്രശ്നങ്ങളെ നേരിട്ട അദ്ദേഹം എല്ലാവിഭാഗം ജനങ്ങളുടെയും ആദരമേറ്റുവാങ്ങിയ നേതാവാണ്.
യു.പി.പി
മനാമ: സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ യു.പി.പി അനുശോചനം രേഖപ്പെടുത്തി. ഇടതുപക്ഷ രാഷ്ട്രീയപ്രസ്ഥാനത്തെ ശക്തമായി നയിച്ച അദ്ദേഹത്തിന്റെ വിയോഗം കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് മാത്രമല്ല, മുഴുവൻ ജനവിഭാഗങ്ങൾക്കും വേദനയുണ്ടാക്കുന്നതാണ്.
ഒ.ഐ.സി.സി
മനാമ: മുൻ കേരള ആഭ്യന്തരമന്ത്രിയും സി.പി.എം പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിലീസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം, ബഹ്റൈൻ ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം എന്നിവർ അനുശോചിച്ചു. കണ്ണൂർ ജില്ലയിലും കേരളത്തിലും സി.പി.എമ്മിനെ ശക്തിപ്പെടുത്താൻ അദ്ദേഹത്തിന്റെ പ്രവർത്തനംമൂലം സാധിച്ചിട്ടുണ്ട്. വർഗീയശക്തികളെ എതിർക്കാനും മതേതരകക്ഷികളെ ശക്തിപ്പെടുത്താനും അദ്ദേഹത്തിന്റെ പ്രവർത്തനംമൂലം സാധിച്ചിട്ടുണ്ടെന്നും അനുസ്മരിച്ചു.
കെ.എം.സി.സി
മനാമ: സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ കെ.എം.സി.സി ബഹ്റൈൻ സ്റ്റേറ്റ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
തൊഴിലാളിവർഗത്തിന്റെയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ അവസാനം വരെ നിലകൊണ്ട കമ്യൂണിസ്റ്റായിരുന്നു കോടിയേരി.
മുസ്ലിം ലീഗിനോടും ന്യൂനപക്ഷ സമുദായങ്ങളോടും സൗഹാർദസമീപനം സ്വീകരിച്ച സി.പി.എം നേതാവായിരുന്നു അദ്ദേഹമെന്നും അനുശോചനത്തിൽ പറഞ്ഞു.
ബി.കെ.എസ്.എഫ്
മനാമ: കോടിയേരി ബാലകൃഷ്ണന്റെ വേർപാടിൽ ബി.കെ.എസ്.എഫ് സേവനകൂട്ടായ്മ അനുശോചിച്ചു. പ്രിയപ്പെട്ടവരുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചനസന്ദേശത്തിൽ പറഞ്ഞു.
ഒ.എന്‍.സി.പി ബഹ്റൈന്‍
മനാമ: കോടിയേരിയുടെ മരണത്തിൽ ഒ.എന്‍.സി.പി ബഹ്റൈന്‍ ദേശീയ കമ്മിറ്റി അനുശോചിച്ചു. സര്‍വസമ്മതനും സൗമ്യനുമായ നേതാവിനെയാണ് കേരളജനതക്കും ഇന്ത്യക്കും നഷ്ടമായത്. മതേതര ഇന്ത്യയുടെ വര്‍ഗീയ ധ്രുവീകരണങ്ങള്ക്കെതിരെ എക്കാലവും ശക്തമായി നിലകൊണ്ട നേതാവെന്നനിലയില്‍ അദ്ദേഹത്തിന്റെ വേര്‍പാട് നികത്താന്‍കഴിയാത്ത നഷ്ടമാണെന്ന് പ്രസിഡന്റ് എഫ്.എം. ഫൈസല്‍, സെക്രട്ടറി രജീഷ് എട്ടുകണ്ടത്തില്‍, ട്രഷറര്‍ ഷൈജു കന്പ്രത്ത്, സിജേഷ് എന്നിവര്‍ പറഞ്ഞു.
മനാമ: കേരളീയസമൂഹത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണം കനത്ത നഷ്ടമാണെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. തികഞ്ഞ പാർലമെന്റേറിയൻ, പ്രഗത്ഭനായ ഭരണാധികാരി, മികച്ച വാഗ്മി, സമർഥനായ സംഘാടകൻ എന്നീനിലകളിൽ കഴിഞ്ഞകാലങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകൾ വിസ്മരിക്കാൻ കഴിയാത്തതാണ്. വിദ്യാർഥിരാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കിടന്നും പീഡനങ്ങൾ സഹിച്ചും രാഷ്ട്രീയപ്രവർത്തനം നടത്തി. താൻ ഏറ്റെടുത്ത പ്രവർത്തനങ്ങൾ പൂർത്തീകരിച്ചാണ് അദ്ദേഹം വിടവാങ്ങുന്നത്.ക്രമസമാധാനരംഗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റാൻ ആഭ്യന്തരമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന് കഴിഞ്ഞു. ടൂറിസം മന്ത്രിയെന്ന നിലയിലും അദ്ദേഹം കേരളത്തിന്റെ യശസ്സുയർത്താൻ പ്രയത്നിച്ചു. രാഷ്ട്രീയ എതിരാളികളുടെപോലും ആദരവ് പിടിച്ചുപറ്റിയ നേതാവാണ്. ജനകീയപ്രശ്നങ്ങളിൽ സമചിത്തതയോടെ ഇടപെട്ട് രമ്യമായി പരിഹാരം കാണാൻ അദ്ദേഹത്തിന് കഴിഞ്ഞു. ജനാധിപത്യകേരളത്തിനും വിശിഷ്യ സി.പി.എമ്മിനും അദ്ദേഹത്തിന്റെ വേർപാട് കനത്തനഷ്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.