മനാമ: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരുന്ന സാഹചര്യത്തിൽ, ബഹ്‌റൈനിലെ ഇന്ധനവിലയ്ക്ക് കൃത്യമായ പരിധി നിശ്ചയിക്കണമെന്ന ആവശ്യവുമായി പാർലമെന്‍റ് അംഗങ്ങൾ രംഗത്ത്. പൗരന്മാരുടെ സാമ്പത്തിക ശേഷി കണക്കിലെടുത്ത് വില നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് എം.പിമാരാണ് അടിയന്തര പ്രമേയം സമർപ്പിച്ചത്. 2026 ജനുവരി മുതൽ ഇന്ധനവില നിയന്ത്രണം നീക്കിയതോടെ ലോക വിപണിയിലെ വിലക്കയറ്റത്തിന്‍റെ ഭാരം പൂർണമായും ജനങ്ങളുടെ തലയിലായെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി. ഇത് സാധാരണക്കാരുടെ ജീവിതച്ചെലവ് വർധിപ്പിക്കാൻ കാരണമാകുന്നുണ്ട്.
നിലവിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 90 മുതൽ 100 ഡോളർ വരെയാണ്. പ്രാദേശിക സംഘർഷങ്ങൾ വർദ്ധിച്ചാൽ ഇത് 120 ഡോളർ കടക്കാൻ സാധ്യതയുണ്ട്. ലോകത്തെ എണ്ണ വിതരണത്തിന്‍റെ 20 ശതമാനവും ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്നതിനാൽ മേഖലയിലെ ഏത് സുരക്ഷാ പ്രശ്നവും വില കുതിച്ചുയരാൻ കാരണമാകും.
ബഹ്‌റൈനിലെ 80 ശതമാനത്തിലധികം കുടുംബങ്ങളും സ്വന്തം വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇന്ധനവിലയിൽ ഉണ്ടാകുന്ന ഓരോ 10 ശതമാനം വർദ്ധനവും ഗതാഗത-സേവന മേഖലകളിൽ 7 ശതമാനം വരെ വിലക്കയറ്റത്തിന് കാരണമാകുന്നു. ഇത് കുറഞ്ഞ വരുമാനക്കാരെയും ഇടത്തരക്കാരെയും സാരമായി ബാധിക്കുന്നു. എണ്ണവില ഉയരുമ്പോൾ സർക്കാറിന് ലഭിക്കുന്ന അധിക വരുമാനത്തിന്‍റെ ഒരു ഭാഗം ജനങ്ങൾക്ക് സബ്‌സിഡി നൽകാൻ ഉപയോഗിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങൾ ആഗോള വിപണിയിലെ ചാഞ്ചാട്ടം ജനങ്ങളെ ബാധിക്കാതിരിക്കാൻ വില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി. ഇന്ധനവിലയ്ക്ക് മറികടക്കാൻ പാടില്ലാത്ത ഒരു ഉയർന്ന പരിധി നിശ്ചയിക്കുക.
വില നിശ്ചയിക്കുമ്പോൾ പൗരന്മാരുടെ ശരാശരി വരുമാനവും പണപ്പെരുപ്പവും മാനദണ്ഡമാക്കുക. വിലക്കയറ്റം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഏറ്റവും പ്രയാസമനുഭവിക്കുന്ന വിഭാഗങ്ങൾക്ക് താൽക്കാലിക സാമ്പത്തിക സഹായം നൽകുക. ഇന്ധനവിലയും അത് ജനജീവിതത്തിലുണ്ടാക്കുന്ന ആഘാതവും സംബന്ധിച്ച് ഓരോ മൂന്ന് മാസത്തിലും പാർലമെന്റിൽ റിപ്പോർട്ട് സമർപ്പിക്കുക എന്നിവ പ്രമേയത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.