മനാമ: ഡെലിവറി ഡ്രൈവർമാർ മൊബൈൽ ഫോൺ ഉപയോഗിച്ച് ഉപഭോക്താക്കളുടെ ഐഡന്റിറ്റി കാർഡുകളുടെ ഫോട്ടോയെടുക്കുന്നത് പേഴ്സനൽ ഡേറ്റ പ്രൊട്ടക്ഷൻ അതോറിറ്റി (പി.ഡി.പി.എ) നിരോധിച്ചു. ഉപഭോക്താക്കളുടെ സ്വകാര്യതയും വ്യക്തിഗത ഡേറ്റയുടെ സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണായക തീരുമാനം.
2025ലെ സർക്കുലർ നമ്പർ (1) പ്രകാരം, ബഹ്റൈനിലെ പേഴ്സനൽ ഡേറ്റ പ്രൊട്ടക്ഷൻ നിയമം (2018ലെ നിയമം നമ്പർ 30) അനുസരിച്ചാണ് ഈ പുതിയ നിയമം നടപ്പാക്കുന്നത്. ഇത് എല്ലാ സേവന മേഖലകളിലും രഹസ്യസ്വഭാവവും ഡേറ്റ സുരക്ഷയും ശക്തിപ്പെടുത്തുന്നു.സാധനം കൈപ്പറ്റുന്നയാളെ തിരിച്ചറിയുന്നതിനായി, ഡെലിവറി, കൊറിയർ കമ്പനികൾ അവരുടെ ഡ്രൈവർമാർ ഉപഭോക്താവിന്റെ ഐഡി കാർഡിന്റെ ഫോട്ടോ വ്യക്തിഗത ഫോണിലോ മറ്റ് ഉപകരണങ്ങളിലോ പകർത്തുന്നത് പൂർണമായി നിരോധിക്കണം. പകരം, തിരിച്ചറിയൽ ഉറപ്പാക്കുന്നതിനായി ഐഡി കാർഡ് കാണുക മാത്രമേ പാടുള്ളൂ. ഒരു കാരണവശാലും അതിന്റെ ചിത്രമോ പകർപ്പോ ഉപകരണങ്ങളിൽ സേവ് ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യരുത്.
എന്നാൽ, കമ്പനികളുടെ പ്രവർത്തനപരമായ ആവശ്യങ്ങൾക്ക് ഐഡിയുടെ പകർപ്പ് സൂക്ഷിക്കേണ്ടതുണ്ടെങ്കിൽ, പി.ഡി.പി.എ കർശനമായ രണ്ടു വ്യവസ്ഥകൾ പറയുന്നുണ്ട്. കൊറിയറിന്റെ ഉപകരണം കമ്പനിയുടെ സുരക്ഷിതമായ കേന്ദ്ര ഡേറ്റബേസുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കണം. ഇതിലൂടെ ചിത്രം ലോക്കലായി സൂക്ഷിക്കാതെ തൽക്ഷണം ഡേറ്റ ബേസിലേക്ക് അപ്ലോഡ് ചെയ്യണം. അല്ലെങ്കിൽ, സുരക്ഷിതമായി ഡേറ്റ ട്രാൻസ്ഫർ ചെയ്യുന്നതിനായി രൂപകൽപന ചെയ്ത പ്രത്യേക കോർപറേറ്റ് ഉപകരണങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
ഈ നിയമങ്ങൾ നടപ്പാക്കാൻ ഡെലിവറി, ലോജിസ്റ്റിക്സ് കമ്പനികളിലെ ഡേറ്റ മാനേജർമാർക്ക് നിയമപരമായ ബാധ്യതയുണ്ടെന്നും, നിയമലംഘനം നടത്തുന്നവർക്ക് പിഴ ഉൾപ്പെടെ ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്നും അതോറിറ്റി വ്യക്തമാക്കി.
ഉയർന്ന ആഗോള നിലവാരത്തിലുള്ള സുരക്ഷയും സമഗ്രതയും ഉറപ്പാക്കുന്നതിനായുള്ള രാജ്യത്തിന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നിർദേശമെന്നും പി.ഡി.പി.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.