ആർ.കെ മുഹമ്മദ് 

പ്രിയ ‘ആർ.കെ’ വിടവാങ്ങി

മനാമ: ബഹ്റൈനിൽ ദീർഘകാലം പ്രവാസിയായിരുന്ന തൃശൂർ അന്തിക്കാട് മുറ്റിചൂർ രായംമരക്കാർ വീട്ടിൽ മുഹമ്മദ് എന്ന ആർ.കെ മുഹമ്മദ് (68) നിര്യാതനായി. നാലര പതിറ്റാണ്ടായി ഈസ്റ്റ് റിഫ കേന്ദ്രമായി പ്രവാസ ജീവിതം നയിച്ചിരുന്ന ആർ.കെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു. റിഫയുടെ ഉൾഗ്രാമങ്ങളിലും, നഗരമേഖലകളിലും മലയാളികൾക്കിടയിൽ ആർ.കെ സുപരിചിതനായിരുന്നു. മുസ്ലീംലീഗ് ദർശനത്തെ ഹൃദയത്തിലേറ്റി പ്രചരിപ്പിച്ചിരുന്ന അദ്ദേഹം ഇതര കക്ഷി രാഷ്ട്രീയക്കാർക്കിടയിലും പ്രിയങ്കരനായിരുന്നു. റിഫകേന്ദ്രമായി കെ.എം.സി.സി രൂപീകരിച്ച സ്ഥാപക നേതാക്കളിൽ പ്രധാനിയായിരുന്നു.

1987 ൽ റിഫ മൈതാനത്ത് ഇന്ത്യൻ അംബാസഡർ മുരളീധരൻ മേനോനെ പങ്കെടുപ്പിച്ച് കെ.എം.സി.സിയുടെ പൊതുസമ്മേളനം സംഘടിപ്പിക്കുന്നതിലും ആർ.കെ മുൻനിരയിൽ നിന്ന് പ്രവർത്തിച്ചു. റിഫയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മദ്രസ ആരംഭിച്ചതിലും സമസ്തയുടെ പരിപാടികൾ സംഘടിപ്പിക്കുന്നതിലും നിസീമമായ പങ്ക് വഹിച്ചു. സാമൂഹിക പ്രവർത്തങ്ങളോടൊപ്പം പത്രപ്രവർത്തന രംഗത്തും സജീവമായിരുന്നു ആർ.കെ. മിഡിൽ ഈസ്റ്റ് ചന്ദ്രികയുടെ ബഹ്റൈനിലെ കോർഡിനേറ്ററായി പ്രവർത്തിക്കുമ്പോഴും ചന്ദ്രിക, മലയാളമനോരമ, ഫോർ പി.എം എന്നീ പത്രങ്ങളുടെ വിതരണചുമതലയും നിർവ്വഹിച്ചിരുന്നു. ദീർഘകാലം റിഫ നഗരസഭയിൽ സേവനം ചെയ്തിരുന്ന ആർ.കെ ഒന്നരവർഷം മുമ്പാണ് പ്രവാസ ജീവിതത്തോടെ വിട പറഞ്ഞത്.

ജന്മനാടായ അന്തിക്കാട് പഞ്ചായത്ത് മുസ്ലീംലീഗ് കമ്മിറ്റിയുടെ സെക്രട്ടറിയായി നാട്ടിലും പൊതു പ്രവർത്തന രംഗത്ത് സജീവമായിരുന്ന അദ്ദേഹത്തിന് അർബുധം ബാധിക്കുകയും ചികിത്സക്ക് വിധേയനായി കൊണ്ടിരിക്കുന്നതിനിടയിലാണ് മരണത്തിന് കീഴടങ്ങിയത്. ആർ.കെയുടെ വിയോഗവാർത്ത അറിഞ്ഞതു മുതൽ ബഹ്റൈന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് അനുശോചനവുമായി ഈസ്റ്റ് റിഫ കെ.എം.സി.സി ഹാളിൽ എത്തിചേർന്നത്.   

Tags:    
News Summary - Dear 'RK' passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.