മനാമ: മുഹറഖിലെ താമസ മേഖലകളിൽ നിർമാണ, പൊളിച്ചുനീക്കൽ, ഖനന പ്രവർത്തനങ്ങൾ എന്നിവക്ക് സമയപരിധി ഏർപ്പെടുത്തുന്നതിനുള്ള കരട് ഭേദഗതിക്ക് മുഹറഖ് മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകി. ‘ലോ റെഗുലേറ്റിങ് ബിൽഡിങ്സ് (1977-ലെ ഡിക്രി-നിയമം നമ്പർ 13)’ എന്ന നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്.ശൂറ കൗൺസിൽ നിർദേശിച്ച ഈ കരട് ഭേദഗതി, പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ച് നിർമാണ പ്രവർത്തനങ്ങളിൽ സമയക്രമം നിശ്ചയിക്കാനും ഇളവുകൾ അനുവദിക്കാനും മുനിസിപ്പാലിറ്റിക്ക് അധികാരം നൽകും. ഈ നീക്കത്തെ സർക്കാർ പിന്തുണക്കുകയും രാജ്യത്തിനായി പുതിയ സമഗ്ര നിർമാണ നിയമം തയാറാക്കുകയും ചെയ്യുന്നുണ്ട്.
പുതിയ നിയമം ലൈസൻസിങ് നടപടിക്രമങ്ങൾ, പ്രോജക്ട് ആവശ്യകതകൾ, നിർമാണസമയത്തെ ബാധ്യതകൾ എന്നിവ ഉൾക്കൊള്ളുന്നതാണ്. കുഴിയെടുക്കൽ, മണ്ണിട്ട് നികത്തൽ തുടങ്ങിയ കാര്യങ്ങളിലും നിയമങ്ങൾ ഉണ്ടാകും. താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ഈ ഭേദഗതി പ്രദേശവാസികളെ ശബ്ദശല്യത്തിൽ നിന്നും മറ്റ് ബുദ്ധിമുട്ടുകളിൽ നിന്നും സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ്.
അതേസമയം, കൗൺസിലുകൾക്ക് അനുയോജ്യമായ സമയങ്ങൾ തീരുമാനിക്കാനും ഇളവുകൾ നൽകാനും ഇത് അവസരം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.