ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയം ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന കിരീടാവകാശി
മനാമ: ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയം ഉദ്ഘാടനത്തിൽ പങ്കെടുത്ത് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. ഈജിപ്തിന്റെ പുരാവസ്തു സംരക്ഷണ ശ്രമങ്ങളെ ബഹ്‌റൈൻ കിരീടാവകാശി അഭിനന്ദിച്ചു. മാനവികതയുടെ പൈതൃകം സംരക്ഷിക്കാനുള്ള ഈ ശ്രമങ്ങൾ ജനങ്ങൾക്കും നാഗരികതകൾക്കുമിടയിൽ ആശയവിനിമയത്തിന്റെ പാലങ്ങൾ നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ അസാന്നിധ്യത്തിലാണ് മ്യൂസിയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കിരീടാവകാശി പങ്കെടുത്തത്. ചടങ്ങിലെത്തിയ കിരീടാവകാശിയെ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസി സ്വീകരിച്ചു. ഈജിപ്ഷ്യൻ നാഗരികതകളുടെ സമ്പന്നമായ ചരിത്രം ഈ മ്യൂസിയം പ്രദർശിപ്പിക്കുന്നുണ്ടെന്ന് ശൈഖ് സൽമാൻ പറഞ്ഞു.
ഫറവോനിക് കാലഘട്ടം ആഗോള തലത്തിൽ ചെലുത്തിയ സാംസ്കാരിക സ്വാധീനം അദ്ദേഹം പ്രത്യേകം എടുത്തുപറയുകയും, ഇത് അന്താരാഷ്ട്ര ചർച്ചകൾക്കും ധാരണയ്ക്കും വഴിയൊരുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു.
ഹമദ് രാജാവിന്‍റെ ആശംസകൾ പ്രിൻസ് സൽമാൻ ഈജിപ്ഷ്യൻ പ്രസിഡന്‍റിനെ അറിയിച്ചു. ചരിത്രപരമായ ഈ നേട്ടത്തിൽ ഈജിപ്ഷ്യൻ നേതാവിനെയും അവിടുത്തെ ജനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. മ്യൂസിയം ഈജിപ്തിൻ്റെ സമ്പന്നമായ നാഗരികതയെയും നിലനിൽക്കുന്ന മാനവിക പൈതൃകത്തെയും പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.