മനാമ: കസ്റ്റഡിയിലിരുന്ന പ്രതി മരിക്കാനിടയായ സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരനായ ഉദ്യോഗസ്ഥനെ വിചാരണയ്ക്കായി ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തതായി ബഹ്‌റൈൻ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് (എസ്.ഐ.യു) അറിയിച്ചു. മരണത്തിന് കാരണമായ രീതിയിലുള്ള മർദ്ദനം എന്ന കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
മാർച്ച് 27നാണ് നാഷണൽ ഇന്റലിജൻസ് ഏജൻസിയുടെ കസ്റ്റഡിയിലിരുന്ന സ്വദേശി യുവാവ് മരണപ്പെട്ടത്. സോഷ്യൽ മീഡിയ റിപ്പോർട്ടുകളിലൂടെയും നാഷണൽ ഇന്റലിജൻസ് ഏജൻസി ഇൻസ്പെക്ടർ ജനറൽ നൽകിയ അറിയിപ്പിലൂടെയുമാണ് വിവരം പുറത്തുവന്നത്. ഏജൻസിയിലെ ഒരു ഉദ്യോഗസ്ഥന്റെ മർദ്ദനമേറ്റതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ എസ്.ഐ.യു അന്വേഷണം ആരംഭിക്കുകയും മരണകാരണം വ്യക്തമാക്കാൻ ഫോറൻസിക് പരിശോധനയ്ക്ക് ഉത്തരവിടുകയും ചെയ്തു. മരിച്ചയാളുടെ അറസ്റ്റ് നിയമപരമായ വാറണ്ട് പ്രകാരമായിരുന്നുവെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു.
സി.സി.ടി.വി ദൃശ്യങ്ങൾ, മെഡിക്കൽ രേഖകൾ തുടങ്ങിയവ പരിശോധിക്കുകയും സംഭവസ്ഥലത്ത് നേരിട്ടെത്തി തെളിവുകൾ ശേഖരിക്കുകയും ചെയ്തു. മരിച്ചയാളുടെ പിതാവ്, ദൃക്സാക്ഷികൾ എന്നിവരുടെ മൊഴികളും രേഖപ്പെടുത്തി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും എസ്.ഐ.യു അറിയിച്ചു.
കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ റിമാൻഡ് ചെയ്തതായും കേസ് ഹൈ ക്രിമിനൽ കോടതിക്ക് കൈമാറിയതായും അധികൃതർ വ്യക്തമാക്കി. നിയമവാഴ്ച ഉറപ്പാക്കാനും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും, നിയമം ലംഘിക്കുന്നവർ ആരായാലും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.