മനാമ: നിയമവിരുദ്ധമായി ജോലിയിൽനിന്ന് പിരിച്ചുവിട്ട യുവതിക്ക് 10,000 ദീനാർ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. ഒരു സ്വകാര്യ കമ്പനിയിൽ ഓപറേഷൻ ആൻഡ് എച്ച്.ആർ മാനേജറായി ജോലി ചെയ്തുകൊണ്ടിരുന്ന യുവതിയെ അന്യായമായാണ് പിരിച്ചുവിട്ടതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ലേബർ കോടതി നഷ്ടപരിഹാരത്തിനുള്ള ഉത്തരവിട്ടത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ജീവനക്കാരോടുള്ള കമ്പനിയുടെ പ്രതിബദ്ധത നിറവേറ്റാൻ സ്ഥാപനത്തിന് കഴിഞ്ഞിട്ടില്ലെന്ന് വിധിപ്രസ്താവനയിൽ കോടതി ചൂണ്ടിക്കാട്ടി. 850 ദീനാർ മാസശമ്പളത്തിലാണ് പരാതിക്കാരി ഈ സ്ഥാപനത്തിൽ ജോലിചെയ്തുകൊണ്ടിരുന്നതെന്നും 2023 ജൂണിൽ അവരെ കാരണം കൂടാതെ പിരിച്ചുവിടുകയായിരുന്നെന്നും ശേഷം അവർക്കുണ്ടായ ശമ്പളകുടിശ്ശിക തീർക്കുന്നതിൽ കമ്പനി അവഗണന കാണിച്ചെന്നും യുവതിയുടെ അഭിഭാഷകൻ വാദിച്ചു.
കുടിശ്ശികയുള്ള തുകയായ 7523 ദീനാറും ശമ്പളം വൈകിയതിനുള്ള നഷ്ടപരിഹാരമായ 793.33 ദീനാറും വാർഷിക അവധിനൽകാതിരിക്കൽ അടക്കം മറ്റുള്ള നഷ്ടപരിഹാരങ്ങൾക്കായി 3315 ദീനാറും അനുവദിക്കണമെന്നാണ് യുവതിയുടെ അഭിഭാഷകൻ വാദിച്ചത്.
എന്നാൽ, വാദങ്ങളെ എതിർക്കാനോ കുടിശ്ശിക തീർക്കാനില്ലെന്ന തെളിവ് നൽകാനോ കമ്പനിക്കായില്ല. ഇതു യുവതിയുടെ പരാതികളെ ശരിവെക്കുന്നതാണെന്നും പിരിച്ചുവിട്ടത് നിയമവിരുദ്ധമായിട്ടാണെന്നും കണ്ടെത്തിയ കോടതി നഷ്ടപരിഹാരത്തിന് ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.