മനാമ: മുഹറഖ് മുനിസിപ്പൽ കൗൺസിലിന്റെ തെരുവുവിളക്കുകൾ സ്ഥാപിക്കാനുള്ള അപേക്ഷകളിൽ അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ഇവ) അംഗീകരിക്കുന്നതെന്ന് ആരോപണം. ഇത് വൈകുന്നത് ഇവയുമായുള്ള ദുർബലമായ ഏകോപനക്കുറവ് കാരണമാണെന്നാണ് കൗൺസിലിന്റെ ആരോപണം.
അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള വ്യക്തമായ മാർഗരേഖകൾ സ്ഥാപിക്കുന്നതിനായി അതോറിറ്റിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തണമെന്ന് കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാർ ആവശ്യപ്പെട്ടു. ഓരോ തവണ ഒരു ഫോർമാറ്റ് തീരുമാനിക്കുമ്പോഴും, പുതിയ നടപടിക്രമങ്ങളോ ഫോമുകളോ വരുകയും അപേക്ഷകൾ തടസ്സപ്പെടുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇവ ഒരു കമ്പനിയായി മാറിയതോടെ ലാഭനഷ്ടങ്ങൾ അവരുടെ പ്രധാന പരിഗണനയായി മാറുകയും ചില സേവനങ്ങൾ വെട്ടിക്കുറക്കുകയും ചെയ്തുവെന്ന് കൗൺസിൽ അംഗം ഫാദിൽ അൽ ഊദ് അഭിപ്രായപ്പെട്ടു. എല്ലാ ആവശ്യകതകളും പാലിച്ചിട്ടും 2022 മുതൽ താൻ സമർപ്പിച്ച ഒരു ലൈറ്റിങ് അപേക്ഷ പോലും അംഗീകരിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആവശ്യമുള്ളപ്പോൾ വൈദ്യുതി വിച്ഛേദിക്കുന്നതിൽ അതോറിറ്റി വേഗത്തിൽ നീങ്ങുന്നുണ്ടെങ്കിലും, മുനിസിപ്പൽ കൗൺസിലുകൾ വഴി പൗരന്മാർ സമർപ്പിക്കുന്ന അപേക്ഷകൾക്ക് മറുപടി നൽകാൻ താമസമാണെന്ന് അഹമ്മദ് അൽ മൊഖാവി പറഞ്ഞു. പ്രാദേശിക പ്രതീക്ഷകൾ നിറവേറ്റുന്നതിനായി മികച്ച പ്രവർത്തന രീതികളും ഏകോപനവും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.