മനാമ: ബലാത്സംഗകേസിലെ പ്രതി ഇരയെ വിവാഹം കഴിച്ചാൽ ശിക്ഷയിൽനിന്ന് ഒഴിവാകുമെന്ന 1976 ശിക്ഷാ നിയമത്തിലെ വിവാദ വ്യവസ്ഥയായ ആർട്ടിക്കിൾ 353 ഒഴിവാക്കാനുള്ള സാധ്യത തെളിയുന്നു. കുറ്റവാളികൾക്ക് രക്ഷപ്പെടാൻ അവസരം നൽകുന്ന നിലവിലുള്ള നിയമത്തിലെ ഈ പഴുത് ഒഴിവാക്കാനുള്ള നിർദേശം പാർലമെന്റ് അംഗീകരിച്ചതോടെയാണിത്. വിഷയം ശൂറ കൗൺസിലിന്റെ പരിശോധനക്ക് വരും. ശൂറ കൗൺസിൽ പാർലമെന്റ് നിർദേശം അംഗീകരിക്കുകയാണെങ്കിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ അന്തിമ അനുമതിയോടെ നിയമമാകും. 1976ലെ ശിക്ഷ നിയമത്തിലെ വിവാദ വ്യവസ്ഥ സ്ത്രീകളുടെ പദവി തരംതാഴ്ത്തുന്നതാണെന്ന് പാർലമെന്റ് അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.
വ്യവസ്ഥ ഒഴിവാക്കുന്നത് നീതി പുലരാൻ ഇടയാക്കുമെന്ന് ഇസ്ലാമിക കാര്യ നീതിന്യായ മന്ത്രി നവാഫ് അൽ മുആവദ പറഞ്ഞു. എല്ലാ മതവിഭാഗങ്ങളെയും ബഹുമാനിക്കുന്ന സമൂഹമാണ് ബഹ്റൈനിലുള്ളതെന്നും സാമൂഹികവും സാംസ്കാരികവുമായ മാറ്റങ്ങൾക്കനുസരിച്ച് നിയമങ്ങൾ കാലോചിതമായി നവീകരിക്കാൻ രാജ്യം തയാറാണെന്നും അദ്ദേഹം പറഞ്ഞു. മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന രാജ്യം എല്ലാവിധ ക്രിമിനൽ നടപടികൾക്കെതിരെയും ശക്തമായ നിലപാടെടുത്തിട്ടുണ്ട്. കഴിഞ്ഞവർഷം രാജ്യത്ത് ഒരു ബലാത്സംഗ കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും പബ്ലിക് പ്രോസിക്യൂഷന്റെ കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ചർച്ചക്കിടെ ചൂണ്ടിക്കാട്ടി.
നിയമഭേദഗതി സംബന്ധിച്ച പാർലമെന്റ് അംഗങ്ങളുടെ നിർദേശം അവലോകനം ചെയ്ത പാർലമെന്റിലെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷ സമിതി, ആഭ്യന്തര, തൊഴിൽ, സാമൂഹിക വികസന മന്ത്രാലയങ്ങളുമായും നീതിന്യായ-ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയവുമായും ചർച്ചകൾ നടത്തിയിരുന്നു. ബഹ്റൈൻ വനിതാ സുപ്രീം കൗൺസിൽ, ഇസ്ലാമികകാര്യ സുപ്രീം കൗൺസിൽ, നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് എന്നിവയുമായും വിഷയം ചർച്ച ചെയ്തു. നിയമത്തിലെ പഴുത് കുറ്റവാളികൾക്ക് സഹായകരമാണെന്നും കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നതാണെന്നും സർവിസസ് കമ്മിറ്റി വൈസ് ചെയർപേഴ്സൻ ജലീല അസ്സയ്യിദ് ചർച്ചക്കിടെ ചൂണ്ടിക്കാട്ടി. ശിക്ഷയിൽനിന്ന് രക്ഷപ്പെടുന്ന കുറ്റവാളികൾക്ക് ഇരയെ ഭാര്യയായി ലഭിക്കുന്നത് ഒരു സമ്മാനം കൂടി ലഭിക്കുന്നതിന് തുല്യമാണെന്നും അവർ പറഞ്ഞു.
തട്ടിക്കൊണ്ടുപോകലിനും ബലാത്സംഗത്തിനും വിധേയരാകുന്ന സ്ത്രീകൾ പലപ്പോഴും നാണക്കേട് ഒഴിവാക്കാനും കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാനും വിവാഹത്തിന് നിർബന്ധിതരാകുകയാണ്. അല്ലെങ്കിൽ അവൾ സമൂഹത്തിൽനിന്ന് നിഷ്കാസിതയാകുന്ന അവസ്ഥയാണെന്നും ഇത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും അവർ കൂട്ടിച്ചേർത്തു. ശരീഅത്ത് നിയമമനുസരിച്ച് ഇരു കൂട്ടരുടേയും സമ്മതമുണ്ടായാൽ മാത്രമേ വിവാഹ ഉടമ്പടി സാധുവാകുന്നുള്ളു. ഇവിടെ ഇരയാക്കപ്പെട്ട സ്ത്രീ സമ്മതത്തോടുകൂടിയല്ല വിവാഹത്തിന് തയാറാകുന്നതെന്നതിനാൽ വിവാഹക്കരാർ സാധുവല്ലെന്നും ചർച്ചയിൽ പാർലമെന്റ് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.