മനാമ: സിത്ര ഭവന പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി നഗരാസൂത്രണ മന്ത്രി അംന അൽ റുമൈഹി. രണ്ടാം ഘട്ടത്തിലെ 531 ഭവന യൂനിറ്റുകളുടെ നിർമാണം 90 ശതമാനം പൂർത്തിയായി. അടിസ്ഥാനസൗകര്യ വികസനപ്രവർത്തനങ്ങൾ 80 ശതമാനവും പൂർത്തിയായി. സമയബന്ധിതമായാണ് പ്രവൃത്തിയുടെ പുരോഗതി.
മന്ത്രി അംന അൽ റുമൈഹി
അവസാനത്തേതും മൂന്നാമത്തേതുമായ ഘട്ടത്തിൽ 1269 വീടുകളാണ് നിർമിക്കുക. ഇതിന്റെ നിർമാണം 10 ശതമാനത്തിലെത്തിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ നിർമിച്ച 1077 യൂനിറ്റുകൾ ഇതിനോടകം കൈമാറി. പദ്ധതിയുടെ ഫീൽഡ് സന്ദർശിക്കുകയായിരുന്നു മന്ത്രി. മന്ത്രാലയ ഉദ്യോഗസ്ഥരും എൻജിനീയർമാരും സാങ്കേതിക ജീവനക്കാരും ഒപ്പമുണ്ടായിരുന്നു.
ചൈന മെഷിനറി എൻജിനീയറിങ് കോർപറേഷനുമായി (സി.എം.ഇ.സി) സഹകരിച്ചുള്ള മന്ത്രാലയത്തിന്റെ നിർമാണപ്രവൃത്തികൾ അടിസ്ഥാനസൗകര്യസേവനങ്ങളെ നിർമാണവുമായി സമന്വയിപ്പിക്കുന്നതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഇത് യൂനിറ്റുകളും പ്ലോട്ടുകളും സമയബന്ധിതമായി കൈമാറാൻ സഹായകമായി. ആദ്യ ഘട്ടത്തിലും ഇത് വിജയകരമായി പ്രയോഗിച്ചിരുന്നു.
രണ്ടും, മൂന്നും ഘട്ടങ്ങളിലെ ഭവന യൂനിറ്റുകളുടെ രൂപകൽപന, മന്ത്രാലയത്തിന്റെ സർവേകളിലൂടെ കണ്ടെത്തിയ പൗരന്മാരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു. കൂടാതെ, ഭിന്നശേഷിക്കാരായ വ്യക്തികൾക്കായി നിരവധി യൂനിറ്റുകൾ പ്രത്യേകം രൂപകൽപന ചെയ്തിട്ടുമുണ്ട്. ഭവനപദ്ധതി വേഗത്തിൽ പുരോഗമിക്കുന്നത് പൗരന്മാർക്ക് വീടുകൾ ലഭ്യമാക്കുന്നത് വേഗത്തിലാക്കാനുള്ള സർക്കാറിന്റെ പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അൽ റുമൈഹി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.