പ്രതിയെന്നു കരുതുന്ന ആൾ അയച്ച വാട്സ്ആപ് സന്ദേശങ്ങൾ

ബഹ്റൈനിൽ ഖത്തർ പ്രവാസികളായ മലയാളി ഫോട്ടോഗ്രാഫർമാർ കബളിപ്പിക്കപ്പെട്ടതായി പരാതി

മനാമ: ബഹ്റൈനിൽ ഖത്തർ പ്രവാസികളായ മലയാളി ഫോട്ടോഗ്രാഫർമാരെ കബളിപ്പിച്ച് 40 ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചതായി പരാതി. കമ്പനി പ്രൊമോഷൻ എന്ന വ്യാജേന തട്ടിപ്പുകാർ ഫോട്ടോഗ്രാഫർമാരെ ബഹ്റൈനിലെത്തിക്കുകയായിരുന്നു. സോഷ്യൽ മീഡിയ വഴി പരസ്യം നൽകിയാണ് ഇരകളെ കണ്ടെത്തിയത്. വാട്സ്ആപ് വഴി‍യായിരുന്നു സംസാരം മുഴുവൻ. ബഹ്റൈനിലുള്ള ഒരു കമ്പനി പ്രൊമോഷന്‍റെ ഭാഗമായി സി.ഇ.ഒയുമായി ഒരു ഇന്‍റർവ്യൂ അടക്കം കവർ ചെയ്യണമെന്നായിരുന്നു നൽകിയ നിർദേശം. കൂടാതെ വലിയ സംഖ്യ പാരിതോഷികമായി നൽകാമെന്നും വാഗ്ദാനം നൽകി.

വിമാന ടിക്കറ്റുകളും രണ്ട് ദിവസത്തെ സ്റ്റാർ ഹോട്ടൽ താമസവും നൽകാമെന്നും അറിയിച്ചിരുന്നു. അവിശ്വസനീയമായ ഒരുകാര്യവും തോന്നാത്തതിനാൽ ഇരകൾ വിശ്വസിക്കുകയായിരുന്നു. ഇതു പ്രകാരം കഴിഞ്ഞ ദിവസം ബഹ്റൈനിലെത്തിയതാണ് മലപ്പുറം വണ്ടൂർ സ്വദേശിയും മറ്റ് രണ്ട് പേരും. ഖത്തറിൽനിന്ന് പുറപ്പെടുമ്പോൾ മൂന്ന് പേർക്കും പരസ്പരം അറിയില്ലായിരുന്നു. വ്യത്യസ്ത ഹോട്ടലുകളിലായിരുന്നു അവരെ താമസിപ്പിച്ചിരുന്നത്. എയർപോർട്ടിലിറങ്ങിയതു മുതൽ മികച്ച സ്വീകരണമാണ് ഇവർക്ക് ലഭിച്ചു കൊണ്ടിരുന്നത്. ടാക്സി ഒരുക്കിയാണ് ഇവരെ ഹോട്ടലിലെത്തിച്ചത്. അതായത് തട്ടിപ്പുകാരൻ ഒരുക്കിയ കെണിയിലേക്ക്.

രാവിലെ ഹോട്ടലിലെത്തിയ അവരെ മീറ്റിങ് എന്ന് പറഞ്ഞ് മറ്റൊരു ഹോട്ടലിലേക്ക് ക്ഷണിക്കപ്പെട്ടു. മൂന്ന് പേർക്കും വ്യത്യസ്ത ലൊക്കേഷനുകളായിരുന്നു നൽകിയിരുന്നത്. ക്യാമറയോ മറ്റോ എടുക്കണ്ട, പരിപാടിയെക്കുറിച്ച് വിവരം നൽകാനാണെന്ന വ്യാജേനെയാണ് വിളിപ്പിച്ചത്. പറഞ്ഞ പ്രകാരം ഹോട്ടലിൽ എത്തിയെങ്കിലും അവിടെ ആരുമുണ്ടായിരുന്നില്ല. വിളിക്കുമ്പോൾ കാത്തിരിക്കാനാണ് അറിയിച്ചത്. എന്നാൽ ആ സമയത്തെയാണ് പ്രതി തട്ടിപ്പിനായി ഉപയോഗിച്ചത്. തങ്ങളുമായി സംസാരിച്ച വ്യക്തിയുടെ പേരിലാണ് റൂം എടുത്തിരുന്നതെന്നും, റൂമിന്‍റെ ഒറിജിനൽ താക്കോലും സ്പെയർ താക്കോലും അദ്ദേഹത്തെയായിരുന്നു ഹോട്ടൽ റിസപ്ഷനിൽ നിന്ന് ഏൽപ്പിച്ചതെന്നുമാണ് ഇരയായവർ പറയുന്നത്.

തട്ടിപ്പ് നടത്തിയ വ്യക്തി കൈമാറിയത് ഒറിജിനൽ താക്കോൽ മാത്രമാണ്. സ്പെയർ അദ്ദേഹം കൈവശം വെച്ചു. ഇരകളെ മീറ്റിങ് എന്ന് പറഞ്ഞ് റൂമിൽനിന്ന് മാറ്റി നിർത്തുകയായിരുന്നു പിന്നീടുള്ള ലക്ഷ്യം. ആ സമയം നോക്കിയാണ് വിലപിടിപ്പുള്ള ഇവരുടെ വസ്തുക്കൾ അപഹരിക്കപ്പെടുന്നത്. മൂന്ന് പേരുടേതുമായി അഞ്ച് ക്യാമറകൾ, 11 ലെൻസുകൾ, ഐപാഡ്, രണ്ട് ഫോണുകൾ, മാക്ബുക് പ്രോ, കുറച്ച് ഖത്തർ റിയാൽ എന്നിവയടക്കം 40 ലക്ഷം ഇന്ത്യൻ രൂപയുടെ മൂല്യമുള്ള വസ്തുക്കളാണ് മോഷ്ടിക്കപ്പെട്ടത്.

ഏറെ നേരത്തിന് ശേഷം തിരിച്ച് മുറിയിലെത്തിയപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടെന്നും എല്ലാം അപഹരിക്കപ്പെട്ടെന്നും ഇരകൾക്ക് മനസ്സിലായത്. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. ഈ സമയത്താണ് ഇരകളായ മൂന്നുപേരും തമ്മിൽ കാണുന്നതും, സമാനമായ തട്ടിപ്പിനിരയായെന്നറിയുന്നതും. റൂമെടുക്കാനായി നൽകിയ പ്രതിയുടേതെന്നു കരുതുന്ന പാസ്പോർട്ട് കോപ്പി ഹോട്ടൽ റിസപ്ഷനിൽനിന്ന് ഇവർക്ക് ലഭിച്ചിരുന്നു. എന്നാൽ പാസ്പോർട്ടിൽ പറയപ്പെടുന്ന വ്യക്തി അന്ന് ഉച്ചക്ക് തന്നെ ബഹ്റൈൻ വിട്ടതായാണ് പൊലീസ് അറിയിച്ചത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം നടത്താമെന്ന് ഉറപ്പും ഇരകൾക്ക് നൽകിയിട്ടുണ്ട്. തുടർന്ന് മൂന്ന് പേരും ഖത്തറിലേക്ക് തന്നെ മടങ്ങുകയായിരുന്നു.

Tags:    
News Summary - Complaint alleging that Malayalee photographers, who are Qatari expatriates, were cheated in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.