മനാമ: രാജ്യത്തെ പാർപ്പിട കെട്ടിടങ്ങളിൽ സി.സി.ടി.വി കാമറകൾ നിർബന്ധമാക്കണമെന്ന നിർദേശവുമായി എം.പിമാർ. പാർലമെന്റിന്റെ സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് ചെയർമാൻ അഹ്മദ് അൽ സല്ലൂമിന്റെ നേതൃത്വത്തിൽ ഒരുകൂട്ടം എം.പിമാരാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. മോഷണം, നശീകരണം, നിയമവിരുദ്ധമായ റേസിങ് എന്നിവയുൾപ്പെടെ രാജ്യത്ത് വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിർദേശം. വീടുകൾ, വില്ലകൾ, അപ്പാർട്മെന്റ് കെട്ടിടങ്ങൾ, പാർപ്പിട കോമ്പൗണ്ടുകൾ തുടങ്ങിയവയിലെല്ലാം കാമറകൾ സ്ഥാപിക്കണമെന്ന് നിർദേശത്തിൽ പറയുന്നു. നിലവിൽ ശിപാർശ സതേൺ, നോർത്തേൺ, മുഹറഖ് മുനിസിപ്പൽ കൗൺസിലുകളും ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡും അവലോകനം ചെയ്തുവരുകയാണ്.
പൊതുസമാധാനത്തിനും സുരക്ഷക്കും ഭീഷണിയായ പുതിയ വെല്ലുവിളികളെ നേരിടാൻ ബഹ്റൈൻ തയാറാകേണ്ടതുണ്ടെന്നും ഇതിനായി പ്രധാന റോഡുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും പുറമെ, രാജ്യമെമ്പാടും നിരീക്ഷണ കാമറകൾ സ്ഥാപിക്കേണ്ടതുണ്ടെന്നും പാർലമെന്റിന്റെ സാമ്പത്തിക, സാമ്പത്തിക കാര്യ സമിതി ചെയർമാൻ പറഞ്ഞു.ഗാർഹിക ജീവിതത്തിൽ കടന്നുകയറ്റം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയല്ല കാമറകൾ സ്ഥാപിക്കുന്നതെന്ന് സതേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫ് രാജ്യത്തെ താമസക്കാർക്ക് ഉറപ്പുനൽകി. സുരക്ഷിതവും ശാന്തവുമായി ജീവിക്കാൻ കഴിയുന്ന അയൽപക്കങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.