മനാമ: രാജ്യത്തെ നഴ്സറികളുടെ മേൽനോട്ടം ശക്തിപ്പെടുത്തുന്നതിനും ഭിന്നശേഷിക്കാരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിലവാരത്തിനനുരിച്ച് നിയമനിർമാണം നടത്തുന്നതിനുമായി, 2012ലെ ശിശുനിയമത്തിൽ ഭേദഗതികൾ വരുത്തുന്നതിനുള്ള കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ശൂറ കൗൺസിൽ സമർപ്പിച്ച ഈ ഭേദഗതികൾ ശിശുപരിപാലനമേഖലയിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കൽ ലക്ഷ്യമിടുന്നു.
പ്രധാന ഭേദഗതികൾ പ്രകാരം ലൈസൻസില്ലാത്ത നഴ്സറി പ്രവർത്തനത്തിനുള്ള ശിക്ഷനിയമത്തിലെ ആർട്ടിക്കിൾ (63) പരിഷ്കരിച്ചു. ലൈസൻസില്ലാതെ നഴ്സറി സ്ഥാപിക്കുന്നതും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ പ്രവർത്തിക്കുന്നതും സ്ഥലമോ പ്രത്യേകതകളോ മാറ്റുന്നതും കുറ്റകരമാക്കി. നിയമം ലംഘിക്കുന്നവർക്ക് കുറഞ്ഞത് 200 ദീനാർ മുതൽ 1000 ദീനാർ വരെ പിഴയോ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.
കൂടാതെ ലൈസൻസ് നിർബന്ധമാക്കൽ ആർട്ടിക്കിൾ (20)ൽ പുതിയ ഖണ്ഡിക ചേർത്തു. ഇത് ആവശ്യമായ ലൈസൻസുകളും അംഗീകാരങ്ങളും ഇല്ലാതെ നഴ്സറികൾ സ്ഥാപിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും കർശനമായി നിരോധിക്കുന്നു. ‘ഭിന്നശേഷിയുള്ളവർ, ഒരു ഭിന്നശേഷിയുള്ള വ്യക്തി’ എന്നീ പഴയ പദങ്ങൾ മാറ്റി ‘ഭിന്നശേഷി’ എന്നും ‘ഭിന്നശേഷിക്കാരൻ’ എന്നും ഉപയോഗിക്കും.
ഭേദഗതികൾ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന ദിവസം മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ, നിലവിലുള്ള നഴ്സറികൾക്ക് ആറ് മാസത്തെ അധികസമയം അനുവദിക്കാൻ സർക്കാർ ശിപാർശ ചെയ്തു. സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കാനും പുതിയ നിയമപരമായ ആവശ്യകതകൾ പാലിക്കാൻ സ്ഥാപനങ്ങൾക്ക് സമയം നൽകാനും ഇത് സഹായിക്കും.
നഴ്സറി ഉടമകൾക്ക് നിയമം പാലിക്കുന്നതിന് മതിയായ സമയം ലഭിച്ചതിനുശേഷം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ അധികാരികൾക്ക് സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.