ബി.എം.സി ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് നടന്ന പരിപാടിയിൽനിന്ന്

ബി.എം.സി ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് തുടക്കമായി

മനാമ: ബി.എം.സി ഡിസംബർ ഒന്നിന് ആരംഭിച്ച ക്രിസ്മസ്-പുതുവത്സര ആഘോഷമായ നക്ഷത്രത്തിളക്കത്തിനും ദേശീയ ദിനാഘോഷങ്ങൾക്കും ഔപചാരികമായ ഉദ്ഘാടനമായി. ബി.എം.സി അങ്കണത്തിൽ ഒരുക്കിയ മനോഹരമായ ക്രിസ്മസ് നക്ഷത്രങ്ങളുടെ സ്വിച്ച് ഓൺ കർമം നിർവഹിച്ചതോടെയാണ് 30 ദിവസം നീളുന്ന ആഘോഷ മാമാങ്കത്തിന് ഔപചാരിക തുടക്കമായത്. ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടാൻ സാന്താക്ലോസും കരോൾ സംഘവും എത്തിയിരുന്നു.

പരിപാടിയിൽ മുഖ്യ അതിഥിയായി ബഹ്റൈൻ പാർലമെൻറ് അംഗം ഡോ. ഹസൻ ഈദ് ബുഖമ്മാസ്, വുമൺ ഓഫ് ദി ഇയർ അവാർഡി ജയ മേനോൻ, സേന മെഡൽ ജേതാവ് റിട്ടയേർഡ് ഇന്ത്യൻ ആർമി മേജർ പ്രിൻസ് ജോസ്, കെ.സി.എ പ്രസിഡന്റ്‌ ജെയിംസ് ജോൺ, സിംസ് ബഹ്‌റൈൻ പ്രസിഡന്റ്‌ ജോസഫ് പി.ടി എന്നിവർ വിശിഷ്ടാതിഥികളായും പങ്കെടുത്തു. ബഹ്റൈൻ ദേശീയ ഗാനത്തോടെയും, ഇന്ത്യൻ ദേശീയ ഗാനാലാപനത്തോടും കൂടിയാണ് ചടങ്ങുകൾ ആരംഭിച്ചത്. ബി.എം.സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് ചടങ്ങിൽ ഏവർക്കും സ്വാഗതം പറഞ്ഞു. തുടർന്ന് അതിഥികൾ ഏവരും ചേർന്ന് നിലവിളക്ക് കൊളുത്തി ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. 54ാമത് ദേശീയ ദിനത്തിൽ ഏവർക്കും ആശംസകൾ നേരുന്നു എന്നും, ബഹ്റൈൻ മീഡിയ സിറ്റിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാവിധ പിന്തുണയും ഹസൻ ഈദ് ബുഖമ്മാസ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു.

ബി.എം.സിയുടെ ക്രിസ്മസ് പുതുവത്സരാഘോഷമായ നക്ഷത്രത്തിളക്കത്തിന്റെ ഭാഗമായി ഡിസംബർ ഒന്നിന് ആരംഭിച്ച ഗ്ലോറിയ 2025 എന്ന പേരിൽ 25 ദിവസം ക്രിസ്മസ് സന്ദേശം ബി.എം.സിയുടെ യൂട്യൂബ് ഫേസ്ബുക്ക് പേജ് ആയ, ബി എം സി ഗ്ലോബൽ ലൈവിൽ ഡിസംബർ ഒന്നു മുതൽ എല്ലാദിവസവും വൈകിട്ട് 7 മണിക്ക് സംപ്രേക്ഷണവും ചെയ്തുവരുന്നുണ്ട്. വുമൺ ഓഫ് ദി ഇയർ അവാർഡി ജയ മേനോൻ, സേന മെഡൽ ജേതാവ് റിട്ടയേർഡ് ഇന്ത്യൻ ആർമി മേജർ പ്രിൻസ് ജോസ്, കെ സി എ പ്രസിഡന്റ്‌ ജെയിംസ് ജോൺ, സിംസ് ബഹ്‌റൈൻ പ്രസിഡന്റ്‌ ജോസഫ് പി റ്റി, എന്നിവർ ആശംസകൾ നേർന്ന് ചടങ്ങിൽ സംസാരിച്ചു.

തുടർന്ന് ഐ ലവ് യു ബഹ്‌റൈൻ എന്ന ഷാളുകൾ ധരിച്ച്, ബഹ്റൈൻ ദേശീയ പതാകകൾ കൈകളിലേന്തിയും അതിഥികൾ ഏവരും ചേർന്ന് കേക്കു മുറിച്ചുകൊണ്ട് ബഹ്റിൻറെ 54 മത് ദേശീയ ദിനാഘോഷത്തിന് തുടക്കം കുറിച്ചു. ബഹ്റൈൻ പാർലമെൻറ് അംഗം ഡോ. ഹസൻ ഈദ് ബുഖമ്മാസിന് ഫ്രാൻസിസ് കൈതാരത്ത് ബഹ്‌റൈൻ മീഡിയ സിറ്റിയുടെ മൊമെന്റോ നൽകി ആദരിച്ചു. കൂടാതെ വുമൺ ഓഫ് ദ ഇയർ അവാർഡ് നേടിയ ജയമേനോൻ, സേന മെഡൽ ജേതാവ് റിട്ടയേർഡ് ഇന്ത്യൻ ആർമി മേജർ പ്രിൻസ് ജോസ്,അഞ്ചു തവണയായി ബഹ്‌റൈനിലെ മികച്ച കൊറിയോഗ്രാഫർ എന്ന അവാർഡ് നേടുന്ന ഐമാക് കൊച്ചിൻ കലാഭവൻ ഡാൻസ് മാസ്റ്റർ പ്രശാന്ത് കെ, കെസിഎ ഇന്ത്യൻ ടാലൻസ്ക്യാൻ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട ഐമാക് കൊച്ചിൻ കലാഭവൻലെ വിദ്യാർത്ഥി ശൗര്യ ശ്രീജിത്ത്, സാഹിത്യരത്ന അവാർഡും ഗ്രൂപ്പ് ചാമ്പ്യൻഷിപ്പും കരസ്ഥമാക്കിയ പ്രിയംവദ എൻ എസ് , നിഹാര മിലൻ എന്നിവരെയും പൊന്നാട അണിയിച്ച് ആദരിക്കുകയും ബഹ്‌റൈൻ മീഡിയ സിറ്റിയുടെ മെമന്റോ സമ്മാനിക്കുകയും ചെയ്തു.

ടെലിവിഷൻ താരവും കോമഡി ഉത്സവം ഫെയുമായ ബാബുരാജ് ഷോർണൂരിനെയും, ക്രിസ്തുമസ് പാപ്പയായി ഏവരെയും ആഹ്ലാദിപ്പിച്ച ബിജു കൂരപ്പടെയെയും ചടങ്ങിൽ ഫ്രാൻസിസ് കൈതാരത്ത് പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിൽ കുവൈറ്റിൽ നിന്നും ഹൃസ്വ സന്ദർശനാർഥം ബഹ്‌റൈനിൽ എത്തിയ കൈതാരത്ത് കുടുംബാംഗമായ ബോബനെയും കുടുംബത്തെയും പൊന്നാട അണിയിച്ച് ബഹ്‌റൈൻ മീഡിയ സിറ്റിയിലേക്ക് ഫ്രാൻസിസ് കൈതാരത്ത് സ്വീകരിക്കുകയും ചെയ്തു. ചടങ്ങിൽ ബഹ്‌റൈൻ പ്രവാസി സുനിൽ റാന്നി ആദ്യമായി രചന നിർവഹിച്ച, സുകൃത ജനനം എന്ന ക്രിസ്മസ് സോങ്ങിന്റെ പ്രകാശനവും നിർവഹിച്ചു. തുടർന്ന് നക്ഷത്രത്തിളക്കത്തിന്റെ ഭാഗമായി ക്രിസ്തുമസ് ഭക്തിഗാനം മത്സരവും സംഘടിപ്പിച്ചു. മത്സരത്തിൽ 6 ടീമുകളാണ് മാറ്റുരച്ചത്.

ബഹ്‌റൈനിലെ പ്രശസ്ത സംഗീത അധ്യാപകരായ ഹരിപ്പാട് സുധീഷ്, ബബിത സതീഷ്, അഞ്ചു പീറ്റർ എന്നിവർ വിധികർത്താക്കളായി എത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം ടീം ഒക്റ്റാവസ്, രണ്ടാം സ്ഥാനം പിങ്ക് ബാങ്ക്, മൂന്നാം സ്ഥാനം ക്ലാസിക് കോർ എന്നി വരും കരസ്ഥമാക്കി. എല്ലാ ടീമുകളും മികച്ച പ്രകടനം കാഴ്ചവച്ചു എന്നും ക്രിസ്മസിന്റെ ആത്മാവും ഐക്യത്തിന്റെ സന്ദേശവും പകർന്നു നൽകുന്നതായിരുന്നു മത്സരത്തിന്റെ എല്ലാ ഘട്ടങ്ങളും എന്നും വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. ഭക്തിപൂർണവും അതീവ ഭംഗിയുള്ളതുമായ മത്സരത്തിൽ മലയാളികൾ ആവേശത്തോടെ പങ്കെടുത്തത് പരിപാടിയെ വിജയത്തിലേക്ക് നയിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ടീമുകൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും ആലിയിലെ റധ്വാൻ ബേക്കറി സ്പോൺസർ ചെയ്ത കേക്കും സമ്മാനമായി നൽകുകയും, പങ്കെടുത്ത മറ്റുള്ള എല്ലാ ടീമുകൾക്കും സർട്ടിഫിക്കറ്റുകളും കേക്കും സമ്മാനിക്കുകയും ചെയ്തു.

ചടങ്ങിൽ വിധികർത്താക്കളായി പങ്കെടുത്ത ഹരിപ്പാട് സുധീഷ്, ബിപിതാ സതീഷ്, അഞ്ചു പീറ്റർ എന്നിവർക്ക് ബിഎംസിയുടെ സ്നേഹസമ്മാനം നൽകുകയും ചെയ്തു. ക്രിസ്തുമസ്സാഘോഷങ്ങളുടെ ഭാഗമായി നിരവധി മത്സരങ്ങൾ നടക്കുന്നുണ്ടെന്നും പങ്കെടുക്കാൻ ആഗ്രഹമുള്ളവർ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്നും ഫ്രാൻസിസ് കൈതാരത്ത്, ഇവൻ കോഓഡിനേറ്റർ രാജേഷ് പെരുങ്ങുഴി എന്നിവർ അറിയിച്ചു. വേദിയിൽ കുട്ടികളുടെയും മുതിർന്നവരുടെയും സജീവ പങ്കാളിത്തം ക്രിസ്മസ് ആഘോഷത്തിന് പുത്തനുണർവ് നൽകി. പരിപാടിയിൽ ക്രിസ്മസ് ഭക്തിഗാനങ്ങളും, ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ മനോഹരമായ അറബിക് നൃത്തവും ശ്രദ്ധേയമായി.

പരിപാടി ഏകോപ്പിച്ച മണിക്കുട്ടനെയും ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ആഘോഷ രാവ് മനോഹരമായ അവതരിപ്പിച്ച ഷിംന കല്ലടി,  സഞ്ജു സനു , ഇവൻറ് കോഓഡിനേറ്റർ രാജേഷ് പെരുങ്ങുഴി എന്നിവർക്കും ബഹ്‌റൈൻ മീഡിയ സിറ്റിയുടെ മെമെന്റോ സമ്മാനിച്ചു. ബിഎംസി എക്സിക്യൂട്ടീവ് മാനേജർ ജെമി ജോൺ, നിഷ ഫ്രാൻസിസ്, സുധീർ തിരുനിലത്ത്, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ മേനോൻ, അൻവർ നിലമ്പൂർ, പ്രകാശ് വടകര, തുടങ്ങിയവരും നിരവധി കലാസാംസ്കാരിക രംഗത്തെ പ്രമുഖരും , ബി എം സി കുടുംബാഗങ്ങളും ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ആഘോഷരാവിൽ പങ്കെടുത്തു.പരിപാടിയിൽ ഇവൻറ് കോഓഡിനേറ്റർ രാജേഷ് പെരുംങ്ങുഴി നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - BMC Christmas and New Year celebrations begin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.