മനാമ: ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലെ (യു.എൻ) താൽക്കാലിക അംഗമായി ബഹ്റൈൻ ഔദ്യോഗികമായി ചുമതലയേറ്റു. 2026-2027 കാലയളവിലേക്കുള്ള ഈ അംഗത്വം ആഗോള സമാധാനം, സഹവർത്തിത്വം, ഐക്യദാർഢ്യം എന്നിവയോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ പ്രതിഫലനമാണെന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി പ്രസ്താവിച്ചു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ മാർഗനിർദേശങ്ങൾക്കും കീഴിലുള്ള ബഹ്റൈന്റെ നയതന്ത്ര വിജയമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഇത് രണ്ടാം തവണയാണ് ബഹ്റൈൻ രക്ഷാസമിതിയിൽ എത്തുന്നത്. ഇത് രാജ്യത്തിന്റെ നയതന്ത്രത്തിലുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ വളരുന്ന വിശ്വാസത്തെയാണ് കാണിക്കുന്നത്. രക്ഷാസമിതിയിൽ ബഹ്റൈൻ ഊന്നൽ നൽകുന്ന പ്രധാന മുൻഗണനകളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുക, അന്താരാഷ്ട്ര സഹകരണം മെച്ചപ്പെടുത്തുക, ഭീകരവാദത്തെയും തീവ്രവാദത്തെയും നേരിടുക എന്നിവ ബഹ്റൈന്റെ ലക്ഷ്യങ്ങളാണ്.
സമുദ്ര ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിലും ആഗോള ഊർജ വ്യാപാരം സംരക്ഷിക്കുന്നതിലും മധ്യപൂർവേഷ്യയെ കൂട്ടനശീകരണ ആയുധങ്ങളിൽനിന്ന് മുക്തമാക്കുന്നതിലും ബഹ്റൈൻ സജീവമായ പങ്ക് വഹിക്കും. യു.എൻ സംവിധാനത്തെ കൂടുതൽ സുതാര്യവും ഫലപ്രദവുമാക്കാൻ രാജ്യം പരിശ്രമിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിയന്ത്രിക്കാനുള്ള അന്താരാഷ്ട്ര നിയമം, ആഗോള സാമ്പത്തിക സ്ഥാപനങ്ങളിൽ വികസ്വര രാജ്യങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കൽ തുടങ്ങിയ നിർദേശങ്ങളും ബഹ്റൈൻ മുന്നോട്ടുവെക്കും.
അഞ്ച് പതിറ്റാണ്ടിലേറെയായി ബഹ്റൈൻ പിന്തുടരുന്ന സമാധാനപരമായ നയതന്ത്ര ഇടപെടലുകൾ രക്ഷാസമിതിയിലും തുടരുമെന്നും കൂടുതൽ നീതിപൂർണമായ ഒരു ലോകത്തിനായി പ്രവർത്തിക്കുമെന്നും വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.