മനാമ: ലോകോത്തര നിലവാരമുള്ള കായിക സൗകര്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിനോദസഞ്ചാര ആകർഷണങ്ങൾ എന്നിവ സംയോജിപ്പിച്ച് ബഹ്‌റൈൻ രാജ്യത്തിന്റെ ഏറ്റവും വലിയ വികസന പദ്ധതികളിലൊന്നായ സ്പോർട്സ് സിറ്റി പദ്ധതിക്ക് ഒരുങ്ങുന്നു. സതേൺ ഗവർണറേറ്റിൽ ഒരുങ്ങുന്ന ബഹുമുഖ പദ്ധതി, ബഹ്‌റൈനെ പ്രാദേശിക കായിക മികവിന്റെയും സാമൂഹിക ഇടപെടലിന്റെയും കേന്ദ്രമാക്കി മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിനായുള്ള ടെൻഡർ വിളിക്കാൻ ടെൻഡർ ബോർഡിനോട് ആവശ്യപ്പെടുന്ന നിർദ്ദേശത്തിന് സതേൺ മുനിസിപ്പൽ കൗൺസിൽ കഴിഞ്ഞ ദിവസം ഏകകണ്ഠമായി അംഗീകാരം നൽകി.
ആദ്യ ഘട്ടത്തിന് 100 മില്യൺ ദിനാറിൽ (10 കോടിയിലധികം ദിനാർ) അധികം ചെലവ് വരുമെന്നാണ് പ്രാഥമികമായി കണക്കാക്കുന്നത്. 2026ൽ ആദ്യ ഘട്ടത്തിനുള്ള ടെൻഡറുകൾ പുറത്തിറക്കാനാണ് കൗൺസിൽ ലക്ഷ്യമിടുന്നത്. സ്പോർട്സ് സിറ്റിയെ ഒരു കായിക വേദി എന്നതിലുപരി അത്‌ലറ്റുകൾക്കും വിദ്യാർഥികൾക്കും പൊതുസമൂഹത്തിനും ഉപകരിക്കുന്ന സമഗ്ര വികസന കേന്ദ്രമായാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫ് പറഞ്ഞു.
“നമുക്ക് മറ്റൊരു സ്റ്റേഡിയം മാത്രമല്ല വേണ്ടത്, കായികം, വിദ്യാഭ്യാസം, വിനോദം എന്നിവ സമന്വയിപ്പിക്കുന്ന ഒരു മുഴുവൻ നഗരം വേണം. യുവജനങ്ങൾക്ക് പ്രചോദനമാവുന്നതും ടൂറിസത്തെ പിന്തുണയ്ക്കുന്നതും ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകുന്നതുമായ ഒരു കേന്ദ്രമായി ഇത് മാറണം” -അബ്ദുല്ലത്തീഫ് പറഞ്ഞു. വാണിജ്യ, ഹോസ്പിറ്റാലിറ്റി ഘടകങ്ങൾ സംയോജിപ്പിക്കുന്നതിലൂടെ കായിക മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ മാത്രമല്ല, വർഷം മുഴുവനും ഈ പദ്ധതി സ്വയംപര്യാപ്തവും സജീവവുമായി നിലനിൽക്കുമെന്നും അബ്ദുല്ലത്തീഫ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.