ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ.
അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി മനാമ ഡയലോഗിൽ സംസാരിക്കുന്നു
മനാമ: യഥാർഥ സുരക്ഷ എന്നത് ബഹുമുഖമാണെന്നും, രാജ്യങ്ങൾ തമ്മിലുള്ള സത്യസന്ധവും സുസ്ഥിരവുമായ സഹകരണം അതിന് അത്യാവശ്യമാണെന്നും ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി വ്യക്തമാക്കി.
മേഖലയിലെ ജനങ്ങളുടെ അഭിലാഷങ്ങൾക്ക് അനുസൃതമായി, വിവിധ മതങ്ങൾ, സംസ്കാരങ്ങൾ, വിശ്വാസങ്ങൾ എന്നിവ തമ്മിലുള്ള സഹിഷ്ണുതയിലും സഹവർത്തിത്വത്തിലും അധിഷ്ഠിതമായിരിക്കണം ഈ സുരക്ഷ കാഴ്ചപ്പാടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് സംഘടിപ്പിച്ച 21ാമത് മനാമ ഡയലോഗിലെ ‘ഗൾഫ് സുരക്ഷിതമാക്കൽ: നയതന്ത്രം, സമ്പദ്വ്യവസ്ഥ, പ്രതിരോധം’ എന്ന വിഷയത്തിലെ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരസ്പര ധാരണയിലൂടെയും സംഭാഷണത്തിലൂടെയുമാണ് സംഘർഷങ്ങൾ പരിഹരിക്കേണ്ടതെന്നും ബഹ്റൈൻ അതിൽ ഉറച്ചുവിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുകയും സമാധാനത്തോടെയും സുരക്ഷയോടെയും ജീവിക്കാൻ ഫലസ്തീൻ ജനതക്ക് അവകാശം ലഭിക്കുകയും ചെയ്യുന്നതുവരെ ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും സുരക്ഷയും സമൃദ്ധിയും അകലെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.