മനാമ: ആഗോള തലത്തിൽ പ്രതിഭകളെ വികസിപ്പിക്കുന്നതിനും ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള രാജ്യങ്ങളുടെ ശേഷി വിലയിരുത്തുന്ന ‘ഗ്ലോബൽ ടാലന്റ് കോംപറ്റിറ്റീവ്നെസ് ഇൻഡക്സ് 2025’ ൽ ബഹ്റൈൻ ചരിത്രപരമായ നേട്ടം രേഖപ്പെടുത്തി. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് ലഭിക്കുന്ന നേതൃത്വ അവസരങ്ങളിലും കമ്പനികളുടെ ഉന്നത പദവികളിലേക്കുള്ള തുല്യമായ പ്രവേശനത്തിലും ബഹ്റൈൻ ഗൾഫ്-അറബ് രാജ്യങ്ങൾക്കിടയിൽ ഒന്നാമതെത്തി.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ദേശീയ വനിതാ ശാക്തീകരണ പ്രവർത്തനങ്ങളുടെ വിജയമാണിതെന്ന് വിലയിരുത്തപ്പെടുന്നു. പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സുപ്രീംകൗൺസിൽ ഫോർ വുമൺ (എസ്.സി.ഡബ്ല്യു) നടപ്പിലാക്കുന്ന പ്രത്യേക പദ്ധതികളും നയങ്ങളുമാണ് ബഹ്റൈനി വനിതകളെ ഉന്നതപദവികളിലേക്ക് നയിക്കുന്നത്. എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന വിപുലമായ നിയമ-നയ ചട്ടക്കൂടുകൾ രാജ്യത്ത് നിലവിലുണ്ട്.
ലോക സാമ്പത്തിക ഫോറം പുറത്തിറക്കിയ 2025-ലെ ‘ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ടിലും’ ബഹ്റൈൻ മികച്ച മുന്നേറ്റം നടത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 12 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ രാജ്യം 148 രാജ്യങ്ങളിൽ 104ാം സ്ഥാനത്തെത്തി. സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം വർധിപ്പിക്കുന്നതിലും തീരുമാനങ്ങൾ എടുക്കുന്ന ഉന്നത പദവികളിൽ അവരെ എത്തിക്കുന്നതിലും ബഹ്റൈൻ കൈവരിച്ച പ്രായോഗിക വിജയമാണ് ഈ അന്താരാഷ്ട്ര റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.