മനാമ/ന്യൂഡൽഹി : ബഹ്‌റൈൻ-കേരള റൂട്ടിൽ എയർ ഇന്ത്യ വിമാന സർവീസുകൾ അടിക്കടി റദ്ദാക്കുന്നതിനെ തുടർന്ന് ആയിരക്കണക്കിന് പ്രവാസി മലയാളികൾ നേരിടുന്ന കടുത്ത ദുരിതത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വടകര എം.പി ഷാഫി പറമ്പിൽ കേന്ദ്ര വ്യോമയാന മന്ത്രി കിൻജരാപ്പു രാംമോഹൻ നായിഡുവിന് കത്തയച്ചു.
ചികിത്സ ആവശ്യങ്ങൾ, കുട്ടികളുടെ സ്കൂൾ-കോളേജ് പ്രവേശനം, കുടുംബപരമായ ചടങ്ങുകൾ എന്നിവയ്ക്കായി ലീവിനെത്തി തിരികെ മടങ്ങാനിരിക്കുന്ന സാധാരണക്കാരായ പ്രവാസികളെയാണ് വിമാനങ്ങൾ പെട്ടെന്ന് റദ്ദാക്കുന്നത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. കൃത്യസമയത്ത് ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ തൊഴിലും വർക്ക് വിസയും നഷ്ടപ്പെടാൻ ഇടയുള്ള സാഹചര്യമാണ് നിലവിലുള്ളത്.
ഷാഫി പറമ്പിൽ എം.പി
അവസാന നിമിഷം മറ്റ് എയർലൈനുകളിൽ ടിക്കറ്റ് എടുക്കുന്നത് തുച്ഛമായ വരുമാനമുള്ള തൊഴിലാളികൾക്ക് സാമ്പത്തികമായി താങ്ങാൻ കഴിയില്ലെന്നും, മറ്റ് വിമാനങ്ങളിൽ ടിക്കറ്റുകൾ പൂർണ്ണമായും ബുക്ക് ചെയ്ത അവസ്ഥയിലാണെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഇതേ റൂട്ടിൽ മറ്റ് വിമാന കമ്പനികൾ തടസ്സമില്ലാതെ സർവീസ് നടത്തുമ്പോഴാണ് എയർ ഇന്ത്യയുടെ ഭാഗത്തുനിന്ന് തുടർച്ചയായി വീഴ്ചയുണ്ടാകുന്നത്. ആദ്യം ജൂലൈ അവസാന വാരത്തിലേക്ക് മാറ്റിയ സർവീസുകൾ പിന്നീട് ഓഗസ്റ്റ് 2-ലേക്കും, ഇപ്പോൾ ആഗസ്റ്റ് 13 വരെയുമാണ് റദ്ദാക്കിയിരിക്കുന്നത്.
ഓണം അടുത്തെത്തിയിരിക്കെ യാത്രക്കാരുടെ എണ്ണം ഇനിയും വർധിക്കാനിടയുണ്ടെന്നും ഇത് പ്രവാസികൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ടെന്നും എം.പി വ്യക്തമാക്കി. അതിനാൽ വിഷയം മാനുഷിക പരിഗണനയോടെ കണ്ട്, ബഹ്‌റൈൻ-കേരള റൂട്ടിലെ എയർ ഇന്ത്യ സർവീസുകൾ അടിയന്തരമായി പുനഃസ്ഥാപിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.