മനാമ: കടുത്ത വേനൽക്കാലത്ത് ബഹ്‌റൈനിലെ ചില വീടുകളിൽ വൈദ്യുതി, ജല ബില്ലുകൾ 400 ദീനാർ വരെയായി ഉയർന്നത് സാധാരണക്കാരായ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ വർഷം സമാന കാലയളവിൽ 90 നും 120 ദീനാറിനും ഇടയിൽ മാത്രം ബില്ല് വന്നിരുന്നിടത്താണ് ഇപ്പോൾ തുക നാലിരട്ടിയോളം വർധിച്ചിരിക്കുന്നത്. ബിൽ അധികമായി വരുന്നവർ അധികവും ആഡംബര ജീവിതം നയിക്കുന്നവരല്ല, മറിച്ച് ഒരു വീടിനുള്ളിൽ ഒന്നിലധികം കുടുംബങ്ങൾ ഒന്നിച്ചു കഴിയുന്ന കൂട്ടു കുടുംബങ്ങളാണ് ഈ ദുരിതം പേറുന്നത്.
ബഹ്‌റൈനിൽ മാതാപിതാക്കളും വിവാഹം കഴിഞ്ഞ മക്കളും അവരുടെ കുട്ടികളും ഉൾപ്പെടെയുള്ള വലിയ കുടുംബങ്ങൾ ഒരേ വീടിനുള്ളിലാണ് പലപ്പോഴും താമസിക്കുന്നത്. എന്നാൽ ഹൗസിങ് നിയമപ്രകാരം ഈ വീടുകളിലെല്ലാം വൈദ്യുതിയും വെള്ളവും കണക്കാക്കുന്നത് ഒറ്റ മീറ്റർ വഴിയാണ്. ഒന്നിലധികം കുടുംബങ്ങളുടെ ഉപഭോഗം ഒരു മീറ്ററിലൂടെ രേഖപ്പെടുത്തുമ്പോൾ, പ്രതിമാസ ഉപയോഗം സർക്കാരിന്റെ സബ്‌സിഡി പരിധിയായ 7000 യൂണിറ്റുകൾ വളരെ വേഗം കവിയുന്നു.
തുടർന്ന് ഏറ്റവും ഉയർന്ന നിരക്കായ യൂണിറ്റിന് 32 ഫിൽസ് എന്ന തോതിലാണ് അധിക വൈദ്യുതിക്ക് ബില്ല് ഈടാക്കുന്നത്. ഇത് സാധാരണ നിരക്കിന്റെ പത്തിരട്ടിയിലധികമാണ്. ജല ഉപയോഗത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. പരിധി കവിഞ്ഞുള്ള ഉപയോഗത്തിന് ഉയർന്ന നിരക്ക് ഈടാക്കുന്നതോടെ, ഒന്നിലധികം കുടുംബങ്ങൾ താമസിക്കുന്ന വീടുകളിലെ ബില്ലുകൾ താങ്ങാനാവാത്ത വിധം കുത്തനെ ഉയരുന്നു. ഏകദേശം 30,000-ത്തോളം കുടുംബങ്ങൾ ഇത്തരം പ്രതിസന്ധികൾ നേരിടുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
കൂട്ടു കുടുംബങ്ങളുടെ ഈ ദുരിതത്തിന് പരിഹാരം കാണുന്നതിനായി കഴിഞ്ഞ ഡിസംബർ 29-ന് മന്ത്രിസഭ പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിരുന്നുവെങ്കിലും, അതിന്റെ നടപടികൾ വൈകുന്നത് ജനങ്ങളുടെ ബുദ്ധിമുട്ട് ഇരട്ടിയാക്കുന്നുണ്ട്. വിഷയത്തിൽ പ്രതികരിച്ച പാർലമെന്റിലെ ധകാര്യ-സാമ്പത്തിക കാര്യ സമിതി അധ്യക്ഷൻ അഹമ്മദ് അൽ സല്ലൂം, ഇതൊരു അടിയന്തര ജീവൽപ്രശ്നമാണെന്നും കൂടുതൽ വൈകിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. ഓരോ കുടുംബത്തിന്റെയും യഥാർത്ഥ അംഗസംഖ്യയ്ക്കനുസരിച്ച് സബ്‌സിഡി നിരക്കുകൾ അനുവദിക്കുകയോ അല്ലെങ്കിൽ പ്രത്യേക മീറ്ററുകൾ സ്ഥാപിക്കുകയോ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പാർലമെന്റ് അംഗമായ ഖാലിദ് അൻവറും വിഷയത്തിന്റെ ഗൗരവം എടുത്തുപറഞ്ഞു. മാസാവസാനം വലിയ തുകയുടെ ബില്ലുകൾ വരുന്നത് സാധാരണക്കാരായ കുടുംബങ്ങൾക്ക് താങ്ങാനാകില്ലെന്നും, സർക്കാർ തലത്തിൽ വേഗത്തിലുള്ള ഇടപെടലുകൾ ഉണ്ടാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നിലവിലുള്ള അവസ്ഥ തുടർന്നാൽ പല കുടുംബങ്ങളും ബില്ലുകൾ അടയ്ക്കാൻ കഴിയാതെ കടക്കെണിയിലാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
പ്രത്യേക മീറ്ററുകൾ സ്ഥാപിക്കൽ, പഴയ വീടുകളിൽ പുതിയ മീറ്ററുകൾ സ്ഥാപിക്കുന്നതിനുള്ള കർശനമായ പാർക്കിങ് നിബന്ധനകളിലും മറ്റും ആവശ്യമായ ഇളവുകൾ അനുവദിക്കുക. പുതിയ ക്രമീകരണങ്ങൾ നടപ്പിലാക്കുന്നത് വരെ വേനൽക്കാലത്തെ ഉയർന്ന ബില്ലുകളിൽ പ്രത്യേക ഇളവുകളോ സബ്‌സിഡിയോ നൽകി കുടുംബങ്ങളെ സഹായിക്കുക തുടങ്ങി ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ചില നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കപ്പെടുന്നുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.