പ്രതീകാത്മക ചിത്രം
മനാമ: ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം (ജി.ഐ.എസ്) പ്ലാറ്റ്‌ഫോമിനുള്ള ലാൻഡ് റെക്കോർഡ്സ്/കാഡസ്ട്രേ വിഭാഗത്തിൽ 2026-ലെ സ്പെഷ്യൽ അച്ചീവ്മെന്റ് ഇൻ ജി.ഐ.എസ് പുരസ്കാരം ബഹ്‌റൈൻ സർവേ ആൻഡ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോയ്ക്ക് ലഭിച്ചു. അമേരിക്കയിലെ സാൻ ഡീഗോയിൽ നടന്ന 2026-ലെ എസ്റി യൂസർ കോൺഫറൻസിലാണ് പുരസ്കാരം സമ്മാനിച്ചത്.
നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പതിനെട്ടായിരത്തിലധികം സാങ്കേതികവിദ്യ, നവീന ആശയം, ജി.ഐ.എസ് രംഗത്തെ പ്രമുഖരും വിദഗ്ധരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ജി.ഐ.എസ് മേഖലയിലെ ലോകത്തെ ഏറ്റവും മികച്ച പുരസ്കാരങ്ങളിലൊന്നാണ് എസ്.എ.ജി അവാർഡ്.
നൂതന ആപ്ലിക്കേഷനുകളും പരിഹാരങ്ങളും വികസിപ്പിക്കുന്നതിലൂടെ ഈ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കുന്ന ലോകമെമ്പാടുമുള്ള സ്ഥാപനങ്ങൾക്ക് വർഷവും ഈ പുരസ്കാരം നൽകിവരുന്നു. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ സമഗ്രമായ വികസന കാഴ്ചപ്പാടുകളുടെയും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദ്ദേശങ്ങളുടെയും കീഴിൽ രാജ്യത്ത് ഡിജിറ്റൽ പരിവർത്തനത്തിനും നവീകരണത്തിനും നൽകിവരുന്ന തുടർച്ചയായ പിന്തുണയാണ് ഈ നേട്ടത്തിന് കാര്യമെന്ന് സർവേ ആൻഡ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോ പ്രസിഡന്റ് ബാസിം ബിൻ യാക്കൂബ് അൽ ഹമർ വ്യക്തമാക്കി.
അന്താരാഷ്ട്ര മികച്ച രീതികൾക്ക് അനുസൃതമായി നൂതനമായ ഡിജിറ്റൽ പരിഹാരങ്ങൾ വികസിപ്പിക്കാൻ സർക്കാർ സ്ഥാപനങ്ങളെ പ്രാപ്തമാക്കുന്ന ഒരു ദേശീയ അന്തരീക്ഷം സൃഷ്ടിക്കാൻ ഈ പിന്തുണ സഹായകമായതായി അദ്ദേഹം പറഞ്ഞു. ജിയോസ്പേഷ്യൽ ഡാറ്റയിലും ഡിജിറ്റൽ നവീകരണത്തിലും രാജ്യത്തെ പ്രതിഭകളുടെ ഉന്നത കഴിവുകളെയും അദ്ദേഹം പ്രശംസിച്ചു.
കഴിഞ്ഞ രണ്ട് വർഷമായി നൂതനാശയങ്ങൾ, ഡാറ്റ സംയോജനം, ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ എന്നിവ അടിസ്ഥാനമാക്കി ജിയോസ്പേഷ്യൽ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്ത സ്പെഷ്യലൈസ്ഡ് ടീമിന്റെ കഠിനാധ്വാനത്തെയും അൽ ഹമർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.